മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണം - മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

post

കൊല്ലം : ജില്ലയില്‍ മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍ദേശിച്ചു. കോവിഡ് 19 രോഗപ്രതിരോധ നടപടികള്‍ അവലോകനം ചെയ്യുന്നതിനായി കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ഹരിതകര്‍മ്മ സേനയുടെ സാന്നിധ്യമുള്ള ജില്ലയാണ് കൊല്ലം. ഹരിതകര്‍മ്മ സേനാംഗങ്ങളുടെ പ്രവര്‍ത്തനത്തിനൊപ്പം ഭവനങ്ങളില്‍ ജൈവ മാലിന്യ സംസ്‌കരണത്തിന് കമ്പോസ്റ്റ് പിറ്റ് നിര്‍മാണത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രാമുഖ്യം നല്‍കണം.  സ്ഥിരം മെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകളും താത്കാലിക എം സി എഫുകളും മിനി എം സി എഫുകളും പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തണം.

ലോക്ക് ഡൗണ്‍ ഇളവുകള്‍ വരുന്ന മുറയ്ക്ക് റോഡുകളുടെ അറ്റകുറ്റപണികള്‍, ഓട വൃത്തിയാക്കല്‍, കുടിവെള്ള പദ്ധതികള്‍, സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം തുടങ്ങിയ പ്രവൃത്തികള്‍ തദ്ദേശ സ്ഥാപനതലത്തില്‍ ഏറ്റെടുക്കണം. ലൈഫ് പദ്ധതി വീടുകളുടെ നിര്‍മാണ പൂര്‍ത്തീകരണത്തിന് മുന്‍ഗണന നല്‍കണം.

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റോഡുകളുടെ പണികള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഇതിനായി ജില്ലാതലത്തില്‍ ടെക്നിക്കല്‍ കമ്മിറ്റി ഉടന്‍ രൂപീകരിക്കണമെന്നും മന്ത്രി പറഞ്ഞു. പുരനരുദ്ധാരണ പദ്ധതിയുടെ വേഗത്തിലുള്ള നിര്‍വഹണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ യോഗം വിളിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിശദ റിപ്പോര്‍ട്ട് ഡി എം ഒ യോഗത്തില്‍ അവതരിപ്പിച്ചു. സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍, എ ഡി എം പി ആര്‍ ഗോപാലകൃഷ്ണന്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.