അധ്യാപക കൗണ്‍സിലര്‍ പരിശീലനത്തിന് തുടക്കമായി
'അധ്യാപകര്‍ ഒരു പ്രാഥമിക കൗണ്‍സിലര്‍' പദ്ധതിയുടെ പരിശീലനം കൊല്ലം ജില്ലയില്‍ ആരംഭിച്ചു. ഉദ്ഘാടനം അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മേയര്‍ ഹണി നിര്‍വഹിച്ചു. മൂന്നു ദിവസമാണ് പരിശീലനം. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, സാമൂഹിക ക്ഷേമ വകുപ്പ്, സ്‌കൂള്‍ കൗണ്‍സിലേഴ്‌സ് എന്നിവര്‍ അടങ്ങുന്ന 328 പേര്‍ക്കായാണ് പരിശീലനം. 18 മാസ്റ്റര്‍ ട്രൈനേഴ്‌സ് ആണ് നയിക്കുന്നത്.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ഐ. ലാല്‍, കോഡിനേറ്റര്‍ ജി ആര്‍ അഭിലാഷ് എന്നിവര്‍ നേതൃത്വം നല്‍കി. കൊല്ലം വിദ്യാഭ്യാസ ഉപജില്ല ഡെപ്യൂട്ടി ഡയറക്ടര്‍ സുനിത അധ്യക്ഷയായി. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ രഞ്ജിനി, കരിയര്‍ ഗൈഡന്‍സ് ജില്ലാ കോഡിനേറ്റര്‍ മാത്യു എബ്രഹാം, ഹൈസ്‌കൂള്‍ പ്രഥമാധ്യാപിക സജിത തുടങ്ങിയവര്‍ പങ്കെടുത്തു.
വിദ്യാര്‍ഥിക്ക് സമഗ്രമായപിന്തുണ നല്‍കുക, മാനസികപ്രശ്‌നങ്ങള്‍ പ്രാഥമികഘട്ടത്തില്‍ തിരിച്ചറിയാനും പരിഹരിക്കാനും അധ്യാപകരെ സജ്ജരാക്കുക, കുട്ടികള്‍ക്ക് ഭയംകൂടാതെ പ്രശ്‌നങ്ങള്‍ തുറന്നുപറയാന്‍ കഴിയുന്ന, വിശ്വാസ്യതയും സൗഹൃദപരവുമായ അന്തരീക്ഷവും ക്ലാസ് മുറികളില്‍ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.










