ചുഴലി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് പുതിയ കെട്ടിടം

post

കണ്ണൂർ ചുഴലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനായി നിര്‍മിച്ച പുതിയ കെട്ടിടം നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളുകളില്‍ ആധുനിക ലൈബ്രറികള്‍ ഒരുക്കണമെന്നും വിദ്യാർഥികൾ വായിച്ച് വളരണമെന്നും സ്പീക്കര്‍ പറഞ്ഞു.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി കിഫ്ബി വഴി 3.4 കോടി രൂപയാണ് സ്‌കൂള്‍ കെട്ടിടത്തിനായി അനുവദിച്ചത്. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ ഓരോ നിലയിലും ആറ് വീതം ക്ലാസ് മുറികളും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്‌ലറ്റുകളും ഒരുക്കിയിട്ടുണ്ട്.

കില പി എം യു നിര്‍മാണ ചുമതല നിര്‍വഹിച്ച കെട്ടിടത്തിന്റെ മേല്‍നോട്ട ചുമതല ചെങ്ങളായി ഗ്രാമപഞ്ചായത്താണ് നിര്‍വഹിച്ചത്.

അഡ്വ. സജീവ് ജോസഫ് എം എല്‍ എ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി മുഖ്യാതിഥിയായി. ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി മോഹനന്‍, വൈസ് പ്രസിഡന്റ് കെ.എം ശോഭന ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എന്‍ നാരായണന്‍, ജനാര്‍ദ്ദനന്‍ കൊയ്യം, കില അസി. പ്രൊജക്ട് എഞ്ചിനീയര്‍ കീര്‍ത്തന, പ്രിന്‍സിപ്പല്‍ കെ.കെ പ്രേമരാജന്‍, പ്രധാനാധ്യാപകന്‍ മണി കുന്നില്‍, സ്റ്റാഫ് സെക്രട്ടറിമാരായ കെ സഹദേവന്‍, സനൂജ സെബാസ്റ്റ്യന്‍, പി ടി എ പ്രസിഡന്റുമാരായ ഇ.കെ ബാലകൃഷ്ണന്‍, പി.വി കവിത, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.