ക്ഷേമപദ്ധതികള്‍ അവതരിപ്പിച്ച് ഏരൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്
കൊല്ലം ഏരൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ് എസ് സി ബി ഹാളില്‍ പി എസ് സുപാല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.അജിത് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ ഷാജി മുഖ്യപ്രഭാഷണം നടത്തി. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ രാജു വര്‍ഗീസ് വികസനരേഖ പ്രകാശനം ചെയ്തു.
കാര്‍ഷിക മേഖലയില്‍ നെല്ല്, വാഴ, പച്ചക്കറി, കിഴങ്ങ് വര്‍ഗങ്ങള്‍, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവയ്ക്ക് പ്രോത്സാഹനം നല്‍കിവരുന്നു. മൃഗസംരക്ഷണ മേഖലയില്‍ ആട് വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, പോത്തുകുട്ടി വളര്‍ത്തല്‍, കന്നുക്കുട്ടി പരിപാലനം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കി. പഞ്ചായത്തിലെ 28 അങ്കണവാടികള്‍ക്ക് സ്വന്തമായി കെട്ടിടമായി. വയോജനങ്ങള്‍ക്കായി രണ്ട് പകല്‍വീടുകള്‍, ഭിന്നശേഷിക്കാര്‍ക്ക് ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തിച്ച് വരുന്നു. ഏഴ് സര്‍ക്കാര്‍ എല്‍ പി സ്‌കൂളുകളുടെയും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി. ലൈഫ് ഭവന പദ്ധതിയിലൂടെ 443 പേര്‍ക്ക് വീട് നിര്‍മിക്കുകയും 55 പേര്‍ക്ക് ഭൂമി വാങ്ങി നല്‍കുകയും ചെയ്തുവെന്നും വികസന സദസിലൂടെ വ്യക്തമാക്കി. കില റിസോഴ്‌സ്പേഴ്സണ്‍ സജീവ് പൊതുജനസമ്പര്‍ക്കവകുപ്പ് തയ്യാറാക്കിയ സര്‍ക്കാരിന്റെ നേട്ടങ്ങളുടെ വീഡിയോ അവതരിപ്പിച്ചു. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ഏരൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










