ആയുര്‍വേദ കോളേജില്‍ കൊറോണ പ്രതിരോധ കിറ്റ് വിതരണോദ്ഘാടനം

post

തിരുവനന്തപുരം : കൊറോണ കാലത്തെ ആയുര്‍വ്വേദ  പ്രതിരോധ കിറ്റ് വിതരണം മേയര്‍ കെ. ശ്രീകുമാര്‍ നിര്‍വ്വഹിച്ചു. തിരുവനന്തപുരം ആയുര്‍വ്വേദ കോളേജില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ വഞ്ചിയൂര്‍ പി. ബാബു മേയര്‍ക്ക് ആദ്യ കിറ്റ് നല്‍കി. കോളേജ് ഡയറക്ടര്‍ ഡോ.ജോളിക്കുട്ടി മുന്‍ ഡയറക്ടര്‍ ഡോ.സി.കെ. മോഹന്‍ലാലിന് രണ്ടാമത്തെ കിറ്റ് നല്‍കി. സാമൂഹിക അകലം പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. 

ആയുര്‍വ്വേദ കോളേജിലെ 'ആയുര്‍രക്ഷ' ക്ലിനിക്ക് വഴിയാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. ഇവിടെ വരുന്നവരുടെ രോഗ വിവരങ്ങള്‍ ശേഖരിച്ച് പ്രോഫോമ തയ്യാറാക്കിയ ശേഷമാണ് കിറ്റ് നല്‍കുന്നത്. ഇന്ദുകാന്തം കഷായം, അമൃത ഷടംഗം കഷായം, സുദര്‍ശനം ഗുളിക, വില്വാദി ഗുളിക മുതലായവയാണ് കിറ്റില്‍ ഉള്‍പ്പെടുന്നത്. കഷായത്തിന്റെ ചേരുവകള്‍ പൊടിച്ചു തരിയായാണ് നല്‍കുന്നത്. ഇത് വെള്ളത്തിലിട്ടു തിളപ്പിച്ചുവേണം ഉപയോഗിക്കാന്‍.

കോറോണയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആയുര്‍വ്വേദ മേഖല പ്രധാനമായും മൂന്ന് മേഖലകളിലാണ് ഊന്നല്‍ നല്‍കുന്നത്. കൊറോണ രോഗ പ്രതിരോധം, 60 വയസ്സിനു മുകളില്‍ പ്രായം ഉള്ളവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പാക്കേജ് ആയ 'സുഖായുഷ്', കൊറോണ രോഗത്തില്‍ നിന്നും മുക്തി നേടി 14 ദിവസത്തെ ക്വാറന്റൈന്‍ സമയവും കഴിഞ്ഞ ശേഷം  അവര്‍ക്ക് നല്‍കുന്ന 'പുനര്‍ജനി' പാക്കേജ് എന്നിവയാണവ. ഇതിന്റെ അടിസ്ഥാനത്തിലാണ് 'ആയുര്‍രക്ഷ' ക്ലിനിക്കുകള്‍ തുടങ്ങി അത് വഴി കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ഇതുപയോഗിക്കുന്നവരുടെ അഭിപ്രായവും വിലയിരുത്തലും ശേഖരിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും.

ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും കിറ്റിനായി ആവശ്യക്കാര്‍ വരുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. രാജശേഖരന്‍ നായര്‍ പറഞ്ഞു. വിവിധ റെസിഡന്റ്‌സ് അസോസിയേഷനുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും അപേക്ഷകരുണ്ട്. ലോക്ക് ഡൗണ്‍ കാലത്തെ യാത്രാബുദ്ധിമുട്ട് പരിഗണിച്ചു ആവശ്യക്കാരുടെ അടുക്കല്‍ കിറ്റുകള്‍ എത്തിക്കാന്‍ ഉള്ള നടപടിക്രമങ്ങള്‍ ചര്‍ച്ചയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗോപകുമാര്‍, ആശുപത്രി സൂപ്രണ്ട്, പ്രൊഫസര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.