അടിയന്തര ഇടപെടലുമായി കളക്ടര്‍ : സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ ജീവന് ഭീഷണിയില്ലെന്ന് പ്രധാനാധ്യാപകര്‍ സത്യവാങ്മൂലം നല്‍കണം

post

തൃശൂര്‍: ജില്ലയിലെ സ്‌കൂളുകള്‍ സുരക്ഷിതമാക്കാന്‍ ഉടനടി നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ സ്‌കൂളുകളില്‍ വിശദമായ പരിശോധന നടത്തി കുട്ടികളുടെ ജീവന് ഭീഷണിയാകുന്ന ഒന്നും തന്നെയില്ലെന്ന് ഉറപ്പുവരുത്തണം. ഇതുസംബന്ധിച്ച സത്യവാങ്മൂലം ഒരാഴ്ച്ചക്കകം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നല്‍കാനും കളക്ടര്‍ ഉത്തരവിട്ടു.

പഴക്കംമൂലമുള്ള അപകടാവസ്ഥ, സ്‌കൂളുകളിലെ മറ്റ് അസൗകര്യങ്ങള്‍ എന്നിവ പ്രധാനാധ്യാപകര്‍ക്ക് ഈ അവസരത്തില്‍ അറിയിക്കാവുന്നതാണ്. വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍, വൊക്കേഷണല്‍ ഹയര്‍സെക്കഡറി, കോളേജുകള്‍ എന്നിവയ്ക്കും ഇത് ബാധകമായിരിക്കും. കൂടാതെ സര്‍ക്കാര്‍ സ്‌കൂളുകളിലെ കാടുപിടിച്ചുകിടക്കുന്ന ഭാഗങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൃത്തിയാക്കി പച്ചക്കറി കൃഷി പോലുള്ള പദ്ധതിക്ക് അനുയോജ്യമാക്കി നല്‍കാന്‍ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് കോര്‍ഡിനേറ്റര്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ സ്‌കൂളുകളുടെയും അങ്കണവാടികളുടെയും അടിയന്തര അറ്റകുറ്റപണികള്‍ക്കായി പഞ്ചായത്തുകളുടെ തനത് ഫണ്ട് വിനിയോഗിക്കാന്‍ കളക്ടര്‍ ബന്ധപ്പെട്ട അധികാരികളെ ചുമതലപ്പെടുത്തി. സ്‌കൂളുകള്‍ കുട്ടികള്‍ക്ക് അപകടരഹിത ഇടങ്ങളാക്കി മാറ്റുന്നതിനായാണ് കളക്ടറുടെ അടിയന്തര ഇടപെടല്‍. ഏതെങ്കിലും സ്‌കൂള്‍ കെട്ടിടങ്ങള്‍ പണിപൂര്‍ത്തിയായിട്ടും ഉദ്ഘാടനം നടക്കാത്തതിനാലോ മറ്റ് സാങ്കേതിക പ്രശ്‌നങ്ങളാലോ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെങ്കില്‍ അതത് ഡി ഇ മാര്‍ ഉടന്‍ കളക്ടറെ അറിയിക്കണം.