വികസനപുരോഗതി വ്യക്തമാക്കി മയ്യനാട് വികസന സദസ്സ്

കൊല്ലം മയ്യനാട് ഗ്രാമപഞ്ചായത്തിനെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചുകൊണ്ടുള്ള 'വികസന സദസ്സ്' ഇരവിപുരം എം.എല്‍.എ. എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. അതിദാരിദ്ര്യനിര്മ്മാര്ജ്ജനത്തിലും ഡിജിറ്റല്‍ സാക്ഷരതയിലും ക്ഷേമപ്രവര്‍ത്തനങ്ങളിലും പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങള്‍ പ്രഖ്യാപിച്ചു. മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ അധ്യക്ഷയായി.
അതിദാരിദ്ര്യപട്ടികയില്‍ ഉള്‍പ്പെട്ട 25 കുടുംബങ്ങളിലെ 41 അംഗങ്ങളെ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ അതിദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ വിജയം പ്രധാന പ്രഖ്യാപനമായി. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടേഴ്സ് ഐഡി എന്നിവ ഇല്ലാത്തവര്‍ക്ക് ലഭ്യമാക്കി. 2 പേര്‍ക്ക് ഭവനവും, ഒരാള്‍ക്ക് ഭൂമിയും വീടും, 6 പേര്‍ക്ക് ഭവന പുനരുദ്ധാരണസഹായവും നല്കി. 14 മുതല്‍ 65 വയസ്സുവരെയുള്ള വ്യക്തികളില്‍ ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'ഡിജി കേരളം' പദ്ധതി കുടുംബശ്രീ അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍ എന്നിവരുടെ സഹായത്തോടെ പൂര്‍ത്തിയാക്കി.
2021-2025 വര്‍ഷങ്ങളില്‍ 649 ഭിന്നശേഷി കുട്ടികള്‍ക്ക് 1.01 കോടി രൂപയുടെ സ്കോളര്‍ഷിപ്പും ബത്തയും അനുവദിച്ചു. ആകെ 7826 ഗുണഭോക്താക്കള്‍ക്കായി 58.48 കോടി രൂപയുടെ സാമൂഹ്യ സുരക്ഷാ പെന്ഷന് വിതരണം ചെയ്തു. ലൈഫ് ഭവനപദ്ധതിയില്‍ 571 ഗുണഭോക്താക്കള്‍ക്കായി വീട്/വസ്തു/പുനരുദ്ധാരണം പൂര്‍ത്തിയാക്കി. വിവിധപദ്ധതികളിലായി പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനായി 1.99 കോടി രൂപ ചെലവഴിച്ചു. മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച പഞ്ചായത്തിന് ശുചിത്വമിഷന്റെ 'സില്‍വര്‍', 'ഗോള്‍ഡ്' അവാര്‍ഡുകള്‍ (2023, 2024) ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു.
വികസന സദസ്സിനോട് അനുബന്ധിച്ച് വിവിധ മേളകളും സംഘടിപ്പിച്ചു. വിവിധ കലാകായിക മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെയും, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് നിര്ണ്ണായകപങ്ക്വഹിച്ച ഹരിതകര്‍മ്മ സേനാംഗങ്ങളെയും ആദരിച്ചു. ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം 100% വിജയം കൈവരിച്ചതായും പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്തിന്റെ വികസനനേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ജവാബ് റഹ്മാന്, ജില്ലാ പഞ്ചായത്ത് അംഗം എസ്. സെല്‍വി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ. സജീര്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍. ഷീലജ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. ഷീല, ആര്. സീലിയ, സന്ധ്യ ബിജു, എസ്. സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.