അലയമണ്‍ പഞ്ചായത്തിൽ വികസന സദസ് നടത്തി

കൊല്ലം അലയമണ്‍ ഗ്രാമപഞ്ചായത്ത് വികസന സദസ് കരുകോണ്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ജയശ്രീ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിനെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചു.
ലൈഫ്, പി.എം.എ.വൈ പദ്ധതികളിലൂടെ 14.25 കോടി രൂപ ചെലവഴിച്ച് 365 വീടുകള്‍ നല്കി. ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നതിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്ലിക്കേഷന്‍ മുഖേന മാലിന്യശേഖരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്തു. പുല്ലാഞ്ഞിയോട് മീന്‍കുളം റോഡ്, പുത്തയം സ്റ്റേഡിയം, ചണ്ണപ്പേട്ട മാര്‍ക്കറ്റ്, കൃഷിഭവന് പുതിയ കെട്ടിടം, കടവറം പാലം, പുതിയ എം.സി.എഫ് തുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തിയാക്കിയെന്നും സദസില്‍ വ്യക്തമാക്കി.
അലയമണ്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. പ്രമോദ് അധ്യക്ഷനായി. പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മനാഫ് വികസനരേഖ പ്രകാശനം ചെയ്തു. ഹരിതകര്‍മസേനാംഗങ്ങളെയും തൊഴിലുറപ്പ് തൊഴിലാളികളെയും സദസില്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എം. മുരളി, മിനി ഡാനിയല്‍, പി.ഗീതാകുമാരി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം.ഹംസ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു