കുളത്തൂപ്പുഴ പഞ്ചായത്ത് വികസനസദസ് സംഘടിപ്പിച്ചു

വികസന മുന്നേറ്റങ്ങള്‍ ജനസമക്ഷത്ത് അവതരിപ്പിച്ച് കൊല്ലം കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് വികസനസദസ്. ഷേര്‍ളി ഓഡിറ്റോറിയത്തില്‍ പി. എസ്. സുപാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിനെ അതിദാരിദ്ര്യമുക്തമായും പ്രഖ്യാപിച്ചു.
ഗ്രാമപഞ്ചായത്തിന്റെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയിലൂടെ പഞ്ചായത്തില്‍ 45 ഗുണഭോക്താക്കള്‍ക്ക് പാര്‍പ്പിടം, ഭക്ഷണം, വരുമാനം, പഠനസഹായം എന്നിവ ലഭ്യമാക്കി. മാലിന്യസംസ്കരണ മേഖലയില്‍ 72 ശതമാനം വാതില്‍പടി ശേഖരണം പൂര്‍ത്തീകരിച്ചു. ഒരു എം.സി.എഫും 36 മിനി എം.സി.എഫുകളും സ്ഥാപിച്ചു. ആശാരികോണം അങ്കണവാടി, നെല്ലിമൂട് സ്മാര്‍ട്ട് അംഗനവാടി, ചെറുകര കമ്മ്യൂണിറ്റി സെന്റര്‍ എന്നിവയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം, ബിരുദധാരികളായ വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് വിതരണം എന്നിവയും നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാബീവി അധ്യക്ഷയായി. വികസന പദ്ധതികളെകുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. തുഷാര, സ്ഥിരംസമിതി അധ്യക്ഷരായ ചന്ദ്രകുമാര്‍, ശോഭന, ഷീജ റാഫി, അംഗങ്ങളായ എസ്. അജിത, സെറീനഷാനു, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.