നെടുവത്തൂര്‍ വികസന സദസ് സംഘടിപ്പിച്ചു

post

കിള്ളൂരില്‍ 25 കോടി രൂപ ചിലവില്‍ തീയറ്റര്‍ നിര്‍മിക്കും: മന്ത്രി കെ. എന്‍ ബാലഗോപാല്‍

കൊല്ലം നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വികസന സദസ് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.കിള്ളൂരിലെ രണ്ട് ഏക്കറില്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെയും ഭരത് മുരളിയുടെയും പേരില്‍ 25 കോടി രൂപ ചെലവില്‍ തീയറ്റര്‍ നിര്‍മിക്കുമെന്ന് മന്ത്രി പറഞ്ഞു .

കാര്‍ഷികമേഖലയ്ക്കും പരമ്പരാഗത വ്യവസായങ്ങള്‍ക്കുമൊപ്പം സാങ്കേതിക മേഖലയിലും നെടുവത്തൂര്‍ പഞ്ചായത്തില്‍ വലിയ വളര്‍ച്ചയാണുണ്ടായത്. സോഹോ കോര്‍പ്പറേഷന്‍ പോലെയുള്ള വന്‍നഗരങ്ങളിലുള്ള ഐ.ടി പാര്‍ക്ക് നെടുവത്തൂരില്‍ പ്രവര്‍ത്തനമാരംഭിച്ചത് വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കും. നാല് കോടി രൂപ ചെലവില്‍ നിര്‍മിച്ച കിള്ളൂര്‍  റോഡിന്റെ ഉദ്ഘാടനം ഉടന്‍ നടക്കും. ആറ് ഗ്രാമീണ റോഡുകളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. എഴുകോണില്‍ നൂറുകോടി രൂപ ചെലവില്‍ പുതുതായി വരാന്‍ പോകുന്ന ക്രിക്കറ്റ് സ്റ്റേഡിയവും നെടുവത്തൂരിനടുത്തായാണ്. കേരളത്തില്‍ ഗ്രാമീണ റോഡുകളുടെ വികസനത്തിനായി 1000 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്. പൊങ്ങന്‍പാറ ടൂറിസം വികസനത്തിനായി 50 ലക്ഷം രൂപ മാറ്റിവെച്ചതായും മന്ത്രി പറഞ്ഞു.

ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ നെടുവത്തൂര്‍ പ്രസിഡന്റ് വി കെ ജ്യോതി അധ്യക്ഷയായി. വികസനരേഖ മന്ത്രി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സുമലാലിന് നല്‍കി പ്രകാശനം ചെയ്തു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ഐ ലതീഷ് മികച്ച കലാകായിക പ്രതിഭകളെ ആദരിച്ചു. ഹരിതകര്‍മ സേനാംഗങ്ങളെ ആദരിച്ചു. പൊതുജന സമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ സന്ദേശം തുടങ്ങിയവ പ്രദര്‍ശിപ്പിച്ചു. നെടുവത്തൂര്‍ പഞ്ചായത്തിന്റെ നേട്ടങ്ങള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എല്‍ ബിനു അവതരിപ്പിച്ചു.

ലൈഫ് മിഷന്‍ വഴി 519 പേര്‍ക്ക് വീട് നിര്‍മിച്ച് നല്‍കി. ഭൂരഹിതരായ 56 പേര്‍ക്ക് ഭൂമി, 288 പേര്‍ക്ക് വീട് നവീകരിക്കാനുള്ള തുക വിതരണം ചെയ്തു. അതിദാരിദ്ര്യപട്ടികയില്‍ ഉള്‍പ്പെട്ട 73 പേരില്‍ 55 കുടുംബങ്ങള്‍ക്ക് മരുന്ന്, 41 കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റ് എന്നിവ ലഭ്യമാക്കുന്നു. ജലജീവന്‍ മിഷന്‍ വഴി വെള്ളം എത്തിക്കുന്നതിന് പഞ്ചായത്തിലെ 18 വാര്‍ഡിലും 85 ശതമാനത്തോളം പൈപ്പ് ലൈന്‍ പൂര്‍ത്തിയാക്കി. ആരോഗ്യമേഖലയില്‍ കുടുംബാരോഗ്യ കേന്ദ്രം, ഹോമിയോ ആശുപത്രി, രണ്ട് ആയുര്‍വേദ ആശുപത്രികള്‍ രോഗപ്രതിരോധത്തിന് പ്രാധാന്യം നല്‍കി പ്രവര്‍ത്തിച്ചുവരുന്നു. തെളിനീര്‍ ഒഴുകുന്ന നവകേരളം പദ്ധതിയിലൂടെ പഞ്ചായത്തിലെ തോട്, ജലാശയങ്ങള്‍ എന്നിവ ശുദ്ധീകരിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെ ഒരു തൈ നടാം പദ്ധതിയിലൂടെ 4500 തൈകള്‍ നട്ടു. കായിക പ്രതിഭകള്‍ക്ക് കരുത്തേകുന്നതിനായി ഒന്നരക്കോടി രൂപ ചിലവഴിച്ച് തേവലപ്പുറത്ത് നിര്‍മിച്ച മിനി സ്റ്റേഡിയം ഉടന്‍ ഉദ്ഘാടനം ചെയ്യുമെന്ന് വികസന സദസില്‍ വ്യക്തമാക്കി.

ഓപ്പണ്‍ ഫോറത്തില്‍ കില റിസോഴ്സ്പേഴ്സണ്‍ ബി.എസ് ഗോപകുമാര്‍ മോഡറേറ്ററായി. വന്യമൃഗശല്യം നിയന്ത്രിക്കുക, ആരോഗ്യകേന്ദ്രങ്ങളിലെ സൗകര്യം വര്‍ധിപ്പിക്കുക, ഹരിതകര്‍മ സേനയ്ക്ക് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ. സൂസമ്മ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. ത്യാഗരാജന്‍, എല്‍.എസ് സവിത, എം.സി രമണി, ബി.രഞ്ജിനി, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഐ.വി സുമ തുടങ്ങിയവര്‍ പങ്കെടുത്തു.