'ഒരു തൈ നടാം ക്യാമ്പയിൻ';കണ്ണൂരിൽ നട്ടത് 7,31,836 വൃക്ഷത്തൈകൾ, പുരസ്‌കാരം ഏറ്റുവാങ്ങി
ഒരു തൈ നടാം, ഒരു കോടി തൈകൾ ക്യാമ്പയിനിൽ സംസ്ഥാനത്ത് ഏറ്റവുവുമധികം തൈകൾ നട്ടതിനുള്ള പുരസ്‌കാരം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സംസ്ഥാന ഡയറക്ടർ ഡി. രഞ്ജിത്തിൽ നിന്നും ഹരിത കേരളം കണ്ണൂർ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഇ.കെ സോമശേഖരന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ നവകേരളം സംസ്ഥാന കോ ഓർഡിനേറ്റർ ഡോ. ടി.എൻ സീമ അധ്യക്ഷയായി.
ഒക്ടോബർ 15 വരെയുള്ള കാലയളവിൽ 7,31,836 തൈകൾ നട്ടാണ് ജില്ല ഒന്നാം സ്ഥാനത്ത് എത്തിയത്. കൃഷിവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ അയൽകൂട്ടങ്ങൾ, നാഷനൽ സർവീസ് സ്‌കീം ടീമുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗ്രന്ഥശാലകൾ, വൃക്ഷതൈ നഴ്‌സറികൾ എന്നിവ നൽകിയ തൈകളാണ് പദ്ധതിയുടെ ഭാഗമായി നട്ടത്. ചങ്ങാതിക്കൊരു തൈ എന്ന പേരിലാണ് വിദ്യാലയങ്ങളിൽ പരിപാടി സംഘടിപ്പിച്ചത്. ഓർമ മരം എന്ന പേരിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും മരങ്ങൾ നട്ടു.










