പത്താമത് ആയുർവേദ ദിനാഘോഷം; തിരുവനന്തപുരത്ത് 'ആയുർ വാക്കത്തോൺ'

പത്താമത് ആയുർവേദ ദിനാഘോഷങ്ങളോടനുബന്ധിച്ച് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് 'ആയുർ വാക്ക്അത്തോൺ' സംഘടിപ്പിക്കും. 'വ്യക്തികൾക്കും ഭൂമിക്കും വേണ്ടിയുള്ള ആയുർവേദം' എന്ന സന്ദേശമുയർത്തി 2025 സെപ്റ്റംബർ 23 ചൊവ്വാഴ്ചയാണ് പരിപാടി നടക്കുന്നത്. രാവിലെ 6:30-ന് കനകക്കുന്ന് കൊട്ടാരത്തിന്റെ കവാടത്തിൽ നിന്ന് ആരംഭിക്കുന്ന വാക്കത്തോൺ, കനകക്കുന്ന്, എൽ.എം.എസ്., പാളയം, സ്റ്റാച്യു, എ.വി.സി. എന്നീ സ്ഥലങ്ങളിലൂടെ ആയുർവേദ കോളേജിൽ സമാപിക്കും. ദേശീയ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി. സജിത് ബാബു വാക്കത്തോൺ ഫ്‌ലാഗ് ഓഫ് ചെയ്യും.
വ്യക്തിഗത ആരോഗ്യത്തിനും പരിസ്ഥിതി സൗഹൃദപരമായ ജീവിതശൈലിക്കും ആയുർവേദം നൽകുന്ന സംഭാവനകൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. വിദ്യാർത്ഥികൾ, അധ്യാപകർ, ആരോഗ്യ പ്രവർത്തകർ എന്നിവരുൾപ്പെടെ നിരവധി പേർ വാക്ക്അത്തോണിൽ പങ്കെടുക്കും.
ആയുഷ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആയുർവേദത്തിന്റെ പ്രചാരണത്തിനും ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കുന്നതിനും താൽപ്പര്യമുള്ള എല്ലാവരെയും വാക്കത്തോണിൽ പങ്കുചേരാൻ സംഘാടകർ അഭ്യർഥിച്ചു.