വികസനപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ച് കുമ്മിള്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്

post

നാടിന്റെ ഭാവിപ്രവര്‍ത്തനങ്ങളും വികസനപുരോഗതിയും അവതരിപ്പിച്ച് കൊല്ലം കുമ്മിള്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. കുമ്മിള്‍ ബിഎസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍  ഉദ്ഘാടനം ചെയ്തു. വികസന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരണം റിസോഴ്‌സ് പേഴ്‌സണായ സജി തോമസ് നിര്‍വഹിച്ചു.  കുമ്മിള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ മുഹമ്മദ് റിസ പഞ്ചായത്തിന്റെ വികസനപ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്തിനെ അതിദാരിദ്ര്യരഹിത പഞ്ചായത്തായി പ്രഖ്യാപിച്ചു.

ലൈഫ് ഭവനപദ്ധതിപ്രകാരം പഞ്ചായത്തിലെ 100 ശതമാനം അപേക്ഷകര്‍ക്കും ഭവനംപൂര്‍ത്തീകരിച്ച് താക്കോല്‍ദാനം നടത്തി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 17 പേര്‍ക്ക് ഭൂമി വാങ്ങിനല്‍കി. നെല്‍കൃഷിക്ക് വേണ്ടി 89154 രൂപ ചെലവഴിച്ചു. മൃഗസംരക്ഷണ മേഖലയില്‍ വനിതകള്‍ക്ക് പശു വളര്‍ത്തല്‍ പദ്ധതി വായ്പ്പ ഇനത്തില്‍ 126000 രൂപ ചെലവഴിച്ചു. കുമ്മിള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനും മൃഗാശുപത്രിക്കും പുതിയ കെട്ടിടം നിര്‍മ്മിച്ചുനല്‍കി. മാലിന്യസംസ്‌കരണത്തിനായി പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ എം സി എഫുകള്‍ സ്ഥാപിച്ചു. കുടിവെള്ള വിതരണം ത്വരിതപ്പെടുത്താന്‍ മൂന്ന് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണിസ്ഥാപിച്ചു. പഞ്ചായത്ത് പരിധിയിലുള്ള  എല്‍പി-യുപി സ്‌കൂളുകളില്‍ വിവിധഘട്ടങ്ങളിലായി  60 ലക്ഷം രൂപയോളം ചിലവഴിച്ചു അടിസ്ഥാനസൗകര്യവികസനപ്രവര്‍ത്തനങ്ങള്‍ നടത്തി. മീന്‍മുട്ടി ടൂറിസം പദ്ധതി, ചിങ്ങേലി നീന്തല്‍കുളം നവീകരണം, പകല്‍വീട്, പൊതുശ്മശാന നിര്‍മ്മാണം എന്നിവ ഉടനെ പൂര്‍ത്തിയാക്കും.

കുമ്മിള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കൃഷ്ണപിള്ള അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആര്‍ ബീന, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനായ കെ മധു, കെ കെ വത്സ, കെ റസീന,  ബ്ലോക്ക്-പഞ്ചായത്ത്  അംഗങ്ങള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.