നോർക്ക റൂട്ടസ്-ഇന്ത്യന്‍ ബാങ്ക് വായ്പാ നിര്‍ണ്ണയക്യാമ്പ്: 89.47 ലക്ഷം രൂപയുടെ വായ്പകള്‍ക്ക് അനുമതി

പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും ഇന്ത്യന്‍ ബാങ്കും സംയുക്തമായി ആലപ്പുഴയില്‍ സംഘടിപ്പിച്ച സംരംഭക വായ്പാ നിര്‍ണ്ണയക്യാമ്പില്‍ 89.47 ലക്ഷം രൂപയുടെ വായ്പകള്‍ക്ക് ശുപാർശ നല്‍കി. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ (സി.എം.ഡി) പിന്തുണയോടെ സംഘടിപ്പിച്ച ക്യാമ്പില്‍ 82 പ്രവാസിസംരംഭകരാണ് പങ്കെടുത്തത്. ഇവരില്‍ ഒന്‍പത് പേര്‍ക്ക് വായ്പക്കുളള അനുമതി പത്രം കൈമാറി. 43 അപേക്ഷകള്‍ മറ്റ് ബാങ്കുകളിലേയ്ക്കും ശിപാര്‍ശ ചെയ്തു. 13 അപേക്ഷകള്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കുന്നതിന് വിട്ടു. ആലപ്പുഴ മുല്ലക്കൽ അമ്മൻ കോവില്‍ സ്ട്രീറ്റിലെ ഗുരുവിനായഗർ കോവില്‍ ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പ് നോര്‍ക്ക റൂട്ട്സ് തിരുവനന്തപുരം സെന്റര്‍ മാനേജര്‍ സഫറുളള എസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ബാങ്ക് അലുപ്പുഴ മാനേജർ പി. കെ. ജനാർദ്ദനൻ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി എം ഡി പ്രോജക്റ്റ് ഓഫീസർ ഷിബു ജി സ്വാഗതവും നോർക്ക റൂട്ട്സ് അസിസ്റ്റന്റ് ഷിജി വി നന്ദിയും പറഞ്ഞു.
രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തശേഷം നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമായിരുന്നു ക്യാമ്പ്. പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുളളവയുടെ വിപുലീകരണത്തിനും എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രയോജനപ്പെടുത്താം. സംരംഭങ്ങള്‍ക്ക് 30 ലക്ഷം രൂപ വരെയുളള വായ്പകള്‍ പദ്ധതി വഴി ലഭിക്കും. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും മുന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും. നോര്‍ക്ക റൂട്ട്‌സിന്റെ www.norkaroots.kerala.gov.in വെബ്‌സൈറ്റു വഴി പ്രവാസികള്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്.