കുടുംബ ബജറ്റ് സർവേ 2025-26 ന് തുടക്കമായി

തൊഴിലാളി കുടുംബങ്ങളുടെ ഉപഭോഗരീതി ശാസ്ത്രീയമായി വിലയിരുത്തും: മന്ത്രി വി. ശിവൻകുട്ടി
സംസ്ഥാന തൊഴിൽ വകുപ്പും സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സംസ്ഥാന കുടുംബ ബജറ്റ് സർവേ 2025-26 ന്റെ സംസ്ഥാനതല ഉദ്ഘാടനം തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് നിർവഹിച്ചു.
സംസ്ഥാന തൊഴിലാളി കുടുംബങ്ങളുടെ വരുമാനം, ചെലവ്, ഉപഭോഗരീതി എന്നിവ ശാസ്ത്രീയമായി വിലയിരുത്തി തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
കാർഷിക, വ്യവസായ, സേവന മേഖലകളിലടക്കം വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനാണ് കുടുംബ ബജറ്റ് സർവേയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെ വരുമാനം, ചെലവ്, ജീവിത നിലവാരം എന്നിവയെ ആധാരമാക്കിയുള്ള നയരൂപീകരണം അതീവ പ്രാധാന്യം അർഹിക്കുന്ന കാലഘട്ടമാണിത്. ഉപഭോക്തൃ വില സൂചിക (Consumer Price Index) കണക്കാക്കുന്നതിന് ഈ സർവേ അടിസ്ഥാനമാകും. തൊഴിലാളികളുടെ ജീവിത ചെലവിൽ ഉണ്ടാകുന്ന മാറ്റങ്ങളെ നിരീക്ഷിക്കാനും, ക്ഷാമബത്ത കണക്കാക്കുന്നതിനുള്ള ശാസ്ത്രീയ അടിസ്ഥാനം ഉറപ്പാക്കാനും സർവേയിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഉപഭോക്തൃ വില സൂചിക കണക്കാക്കുന്നതിൽ ഏറ്റവും അടിസ്ഥാനപരമായ ഘട്ടം 'ഐറ്റം ബാസ്‌കറ്റ്' പരിഷ്‌കരണം ആണ്. തൊഴിലാളി കുടുംബങ്ങൾ ഭക്ഷണം, വസ്ത്രം, താമസം, വിദ്യാഭ്യാസം, ആരോഗ്യപരിചരണം, വിനോദം തുടങ്ങിയ ആവശ്യങ്ങൾക്ക് എത്ര ചെലവഴിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി പുതിയ സൂചിക രൂപപ്പെടുത്തും. 2011-12 സർവേയുടെ അടിസ്ഥാനത്തിലാണ് നിലവിലെ സൂചിക. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഉപഭോഗ രീതിയിൽ വന്ന ഘടനാപരമായ മാറ്റങ്ങൾ ഉൾപ്പെടുത്തി പുതിയ സൂചിക നിർണ്ണയിക്കപ്പെടും. ഒരു വർഷത്തിനുള്ളിൽ സർവേ പൂർത്തിയാക്കുമെന്നും മിനിമം വേതനം ലഭിക്കുന്ന മുഴുവൻ തൊഴിൽ മേഖലയെയും സർവേയിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് തൊഴിൽ സൗഹൃദ ഇടമായി കേരളം ഏറെ മുന്നിലാണ്. രാജ്യത്തെ ഏറ്റവുമധികം തൊഴിലാളി ക്ഷേമ ബോർഡുകൾ പ്രവർത്തിക്കുന്നതും ഇവിടെയാണ്. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിലും ക്ഷേമനിധി സംവിധാനങ്ങളിലുമാണ് കേരളം ദേശീയ തലത്തിൽ മാതൃകയാകുന്നത്. നവോത്ഥാന കാലഘട്ടം മുതൽ കേരളത്തിലെ കൃഷിയിടങ്ങളും തൊഴിലിടങ്ങളും സാമൂഹ്യ മാറ്റങ്ങൾക്കായുള്ള ആശയങ്ങളുടെ പാഠശാലകളായിരുന്നു. സംസ്ഥാനം നേടിയെടുത്ത പുരോഗതിക്ക് പ്രധാനപ്പെട്ട കാരണവും ഈ സാമൂഹ്യ, രാഷ്ട്രീയ ബോധമാണ്. ഇന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ ഏറ്റവും പ്രിയപ്പെട്ട തൊഴിലിടമായി കേരളം മാറിക്കഴിഞ്ഞിരിക്കുന്നു. അവരെ 'അതിഥികൾ' എന്ന് വിളിച്ച് സമൂഹത്തിന്റെ ഭാഗമായി ചേർത്തുപിടിക്കാനും കേരളത്തിന് കഴിഞ്ഞു. തൊഴിലാളികൾ അഭിമാനത്തോടെയും സംതൃപ്തിയോടെയും ജോലി ചെയ്യുന്ന സാമൂഹിക അന്തരീക്ഷം നിലനിർത്തുന്നതിൽ സർക്കാർ മികച്ച ശ്രദ്ധ നൽകുന്നുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.