ആന്റിസെപ്റ്റിക്‌സ് ആൻഡ് ഡിസിൻഫെക്ടന്റ്‌സ് മാനുഫാക്ചറിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു

വ്യവസായ വകുപ്പിന്റെ 24 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ: മന്ത്രി പി രാജീവ്
പൊതുമേഖലാ സ്ഥാപനമായ കെസിസിപിഎല്ലിന്റെ കണ്ണൂർ കണ്ണപുരം യൂണിറ്റിൽ ആരംഭിച്ച പുതിയ ആന്റിസെപ്റ്റിക്‌സ് ആൻഡ് ഡിസിൻഫെക്ടന്റ്‌സ് മാനുഫാക്ചറിംഗ് കോംപ്ലക്സ് ഉദ്ഘാടനവും യന്ത്രങ്ങളുടെ സ്വിച്ച്ഓൺ കർമവും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു.
വ്യവസായ വകുപ്പിന് കീഴിലുള്ള 24 പൊതുമേഖലാ സ്ഥാപനങ്ങൾ ഇപ്പോൾ ലാഭത്തിലാണ് പ്രവർത്തിക്കുന്നതെന്നും സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെട്ട് മുന്നോട്ട് പോകുന്നതിന്റെ മികച്ച ഉദാഹരണമാണ് കെസിസിപിഎൽ എന്ന് മന്ത്രി പറഞ്ഞു.
6000 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്. യന്ത്രങ്ങളടക്കം 2.4 കോടി രൂപയാണ് ആകെ ചെലവ്. ആന്റിസെപ്റ്റിക് സൊല്യൂഷൻ-പ്ലസ്, ആന്റിസെപ്റ്റിക് സൊല്യൂഷൻ-ക്ലിയർ, ആന്റിസെപ്റ്റിക് സൊല്യൂഷൻ സൂപ്പർ, ഐസോ റബ്ബ്, എതനോൾ റബ്ബ്, ടോപ്പിക്കൽ സൊല്യൂഷൻ- പ്ലസ്, ടോപ്പിക്കൽ സൊല്യൂഷൻ-ക്ലിയർ, കെസിസിപിഎൽ സെപ്‌റ്റോൾ, സുപ്രീം എഎസ്, ക്ലോറോക്‌സൈലിനോൾ, സർജിസോൾ, കെസിസിപി ഡിസിന്റോൾ, മൗത്ത് വാഷ് എന്നിങ്ങനെ 12 തരം പുതിയ ഡിസിൻഫെക്ടന്റുകളുടെ ഉൽപാദനമാണ് ഇവിടെ നടക്കുക.
കോവിഡ് കാലത്ത് തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വത്തിനാണ് കണ്ണപുരം യൂണിറ്റിൽ 'ഡിയോൺ' ബ്രാൻഡിൽ സാനിറ്റൈസർ, ഹാൻഡ് വാഷ്, ഫ്ളോർ ക്ലീനർ, ഡി.എം. വാട്ടർ തുടങ്ങിയ ഉൽപന്നങ്ങളുടെ നിർമ്മാണം ആരംഭിച്ചത്. നേരത്തെ കമ്പനി നടപ്പിലാക്കിയ ഐ.ടി ഇൻക്യുബേഷൻ സെന്റർ, കോക്കനട്ട് ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കോംപ്ലക്‌സ്, ഹൈടെക് കയർ ഡിഫൈബറിംഗ് യൂണിറ്റ്, പെട്രോൾ പമ്പുകൾ എന്നിവയും വിജയത്തിലെത്തിയിരുന്നു.
എം വിജിൻ എം എൽ എ അധ്യക്ഷനായി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് മുഖ്യാതിഥിയായി. വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസ്, ബിപിടി എക്‌സിക്യൂട്ടീവ് ചെയർമാൻ കെ അജിത് കുമാർ എന്നിവർ വിശിഷ്ടാതിഥികളായി. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ, കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രതി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രേമ സുരേന്ദ്രൻ, ഗ്രാമപഞ്ചായത്തംഗം കെ രമേശൻ, കെസിസിപിഎൽ ചെയർമാൻ ടി.വി രാജേഷ്, ഡയറക്ടർ മാത്യൂസ് കോലഞ്ചേരി വർക്കി, ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എസ്.എസ് ശ്രീരാജ്, വ്യവസായ വകുപ്പ് ഡയറക്ടർ എ അജിത് കുമാർ, കെസിസിപിഎൽ മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ, വിവിധ രാഷ്ട്രീയ, തൊഴിലാളി യൂണിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.