സംസ്ഥാന സ്‌കൂൾ കായിക മേള: സ്വർണ്ണക്കപ്പ് വിളംബര ഘോഷയാത്ര ഒക്ടോബർ 16 ന് കാഞ്ഞങ്ങാട് നിന്ന് ആരംഭിക്കും

67-ാമത് സംസ്ഥാന സ്‌കൂൾ കായിക മേളയോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ സ്വർണ്ണക്കപ്പ് വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര ഒക്ടോബർ 16 ന് രാവിലെ 8 മണിക്ക് കാഞ്ഞങ്ങാട് നിന്ന് ആരംഭിക്കും. കേരളത്തിലെ കായിക പ്രേമികളെയും വിദ്യാർത്ഥികളെയും ആവേശത്തിലാഴ്ത്തിക്കൊണ്ടാണ് കപ്പ് പ്രയാണം തുടങ്ങുന്നത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പര്യടനം നടത്തിയ ശേഷം, ഒക്ടോബർ 21-ന് ഘോഷയാത്ര തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് സമാപിക്കും. ഈ വർഷം ആദ്യമായി ഏർപ്പെടുത്തിയ സ്വർണ്ണക്കപ്പ്, ഒളിമ്പിക്‌സ് മാതൃകയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയുടെ സമാപന ചടങ്ങിൽ വെച്ച് വിതരണം ചെയ്യും. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന ജില്ലയ്ക്കാകും ട്രോഫി ലഭിക്കുക. ഘോഷയാത്ര കടന്നുപോകുന്ന വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കായികതാരങ്ങൾ, വിദ്യാർഥികൾ, അധ്യാപകർ, കായിക പ്രേമികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കും.