വികസനനേട്ടങ്ങള്‍ അവതരിപ്പിച്ച് പോരുവഴി വികസനസദസ്

post

കൊല്ലം പോരുവഴി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച വികസനസദസ് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുന്ദരേശന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ജി. മോഹനന്‍ പിള്ള അധ്യക്ഷനായി.

കഴിഞ്ഞ അഞ്ചുവര്‍ഷ കാലയളവില്‍ ലൈഫ് പദ്ധതി വഴി 298 വീടുകള്‍ നിര്‍മിച്ചു. പാലിയേറ്റീവ്‌സേവനം ആവശ്യമായ 100 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍എത്തിക്കുന്നു. 55 ലക്ഷം രൂപ വിനിയോഗിച്ച് അമ്പലത്തുംഭാഗം സബ്‌സെന്റര്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു. കമ്പലടി, ഇടയ്ക്കാട് സബ് സെന്ററുകള്‍ക്ക് 1.10 കോടി രൂപ അനുവദിച്ചു. ഇടയ്ക്കാട് മാര്‍ക്കറ്റില്‍ ശുചിത്വമിഷന്‍ ഫണ്ട് വിനിയോഗിച്ച് ടേക്ക് എ ബ്രേക്ക് നിര്‍മിച്ചു. 1.43 കോടി രൂപ ചെലവില്‍ ഒരുക്കിയ കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. 9.45 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് ഗോബര്‍ദ്ധന്‍ ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മിച്ചു. പൊതുജനഭിപ്രായങ്ങള്‍ സ്വീകരിച്ച് തുടര്‍ന്നുള്ള നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കുമെന്നും വികസനസദസില്‍ വ്യക്തമാക്കി.

പോരുവഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.കെ.അജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കില പ്രതിനിധി പന്മന മജീദ് മോഡറേറ്ററായ ഓപ്പണ്‍ ഫോറത്തില്‍ ഭാവി വികസനകാഴ്ചപ്പാടുകളും നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചു. കെ - സ്മാര്‍ട്ട് സേവനങ്ങളും ലഭ്യമാക്കി. ഹരിതകര്‍മ്മ സേനാംഗങ്ങളെ ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ്മ ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫിലിപ്പ്, കെ.ശാന്ത, ശ്രീത സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.