സംസ്ഥാനതല ഐ ടി ഐ കോൺവോക്കേഷൻ സെറിമണി ഉദ്ഘാടനം ചെയ്തു

post

അഖിലേന്ത്യാ ട്രേഡ്‌ടെസ്റ്റിൽ കേരളത്തിന്റെവിജയം അഭിമാനകരം: മന്ത്രി വി ശിവൻകുട്ടി

തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആഭിമുഖ്യത്തിൽ വ്യാവസായിക പരിശീലന വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല ഐ ടി ഐ കോൺവോക്കേഷൻ സെറിമണി തിരുവനന്തപുരം പി ഡബ്ല്യു ഡി റസ്സ് ഹൗസിൽ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

2025 ജൂലൈയിൽ നടത്തിയ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ കേരളത്തിന്റെ വിജയം രാജ്യം മുഴുവൻ അഭിമാനിക്കാൻ കഴിയുന്നതാണെന്ന് മന്ത്രി പറഞ്ഞു.93.77 ശതമാനമാണ് വിജയം. ടെസ്റ്റിൽ പങ്കെടുത്ത 27,824 ട്രെയിനികളിൽ 26,092 പേർ വിജയിച്ചു.  കേരളത്തിലെ തൊഴിലും നൈപുണ്യവും വിദ്യാഭ്യാസ മേഖലയിലെ പുരോഗതി വിളിച്ചോതുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിലെ ഈ അഭിമാനകരമായ നേട്ടം കൈവരിച്ച വിദ്യാർഥികള അഭിനന്ദനങ്ങൾ അറിയിക്കുന്നു.

നമ്മുടെ സംസ്ഥാനത്തെ വ്യത്യസ്ത ട്രേഡുകളിൽ നിന്നായി 80 ട്രെയിനികളെ നാഷണൽ ടോപ്പേഴ്സ് ആയി തിരഞ്ഞെടുത്ത് ഡിജി.ടി പ്രഖ്യാപിച്ചിരിക്കുന്നു. കേരളം രാജ്യത്താകെ ഏറ്റവും കൂടുതൽ നാഷണൽ ടോപ്പർമാരെ നൽകുന്ന സംസ്ഥാനമാണെന്നത് നമ്മുടെ ശ്രമത്തിന്റെയും പ്രതിബദ്ധതയുടെയും ഫലമാണ്. 26 പേർ മുഴുവൻ മാർക്കും നേടിയത് ഏറെ മാതൃകാപരമാണ്. എല്ലാ വിജയികളെയും അവരുടെ അധ്യാപകരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.


ഇന്ന് ദേശീയ തലത്തിൽ നടക്കുന്ന കൗശൽ ദീക്ഷാന്ത് സമാരോഹ് പരിപാടിയിൽ പ്രധാനമന്ത്രി സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ച് കേരളത്തിന്റെ പ്രത്യേക അഭിമാനമായി മാറിയ വയനാടിന്റെ അഖിൽ ദേവ് പി.ആർ. - നെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ഈ സർക്കാരിന്റെ കാലയളവിൽ എണ്ണമറ്റ നവീനതകൾ തൊഴിൽ പരിശീലന രംഗത്ത് നടപ്പാക്കപ്പെട്ടിട്ടുണ്ട്. 10 സർക്കാർ ഐ.ടി.ഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയും, 4 പുതിയ സർക്കാർ ഐ.ടി.ഐകൾ ആരംഭിച്ചും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മൾട്ടിമീഡിയ അനിമേഷൻ, ഇൻഡസ്ട്രിയൽ റോബോട്ടിക്‌സ്, അഡിറ്റീവ് മാനുഫാക്ചറിംഗ് ടെക്‌നീഷ്യൻ തുടങ്ങിയ പുതിയ തലമുറ കോഴ്‌സുകളിലൂടെ നമ്മുടെ യുവതയ്ക്ക് ആധുനിക തൊഴിൽമേഖലയിൽ ഒരുങ്ങാൻ മികച്ച അവസരങ്ങൾ ഒരുക്കുന്നു.

കൂടാതെ, പരിശീലനം പൂർത്തിയാക്കി തൊഴിലിലേക്ക് കടക്കുന്ന യുവാക്കളെ പിന്തുണയ്ക്കാൻ എല്ലാ വർഷവും 14 ജില്ലകളിലുമായി ‘സ്‌പെക്ട്രം ജോബ്ഫെയർ’ ആരംഭിച്ച്, രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി അവസരങ്ങൾ ട്രെയിനികൾക്ക് ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലേറ്റവും മികച്ച വോക്കേഷണൽ ട്രെയിനിങ്ങും തൊഴിലവസരങ്ങളും ഉറപ്പു വരുത്തുന്നതിൽ നമ്മുടെ സംസ്ഥാനം മുന്നിലാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഡയറക്ടർ ഓഫ് ട്രെയിനിംഗ് സുഫിയാൻ അഹമ്മദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ നഗരസഭാ കൗൺസിലർ ജി മാധവദാസ് മുഖ്യാതിഥിയായി. അഡീഷൻ ഡയറക്ടർ ഓഫ് ട്രെയിനിംഗ് വാസുദേവൻ പി, സ്‌പെഷ്യൽ ഓഫീസർ സ്യൂട്ട് മനേക്ഷ് പ്രസാദ് ഡി, ജോയിന്റ് ഡയറക്ടർ ഓഫ് ഷമ്മി ബേക്കർ എ എന്നിവർ സംബന്ധിച്ചു. ഡപ്യൂട്ടി ഡയറക്ടർ ട്രെയിനിംഗ് ഷൈൻകുമാർ ജി നന്ദി അറിയിച്ചു.