തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് : ഒക്ടോബർ 3 ലെ സ്ഥലംമാറ്റ ഉത്തരവുകൾ നടപ്പാക്കാം

post

ഒക്ടോബർ 3 ന് വിവിധ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവുകൾ നടപ്പാക്കാമെന്ന്  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.  അന്നും അതിനും മുൻപും ഇറക്കിയിട്ടുള്ള ഉത്തരവുകളിലെ സ്ഥലംമാറ്റങ്ങൾ അടിയന്തരമായി നടപ്പിൽ വരുത്തണമെന്ന് കമ്മീഷൻ അറിയിച്ചു.

തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നത് വരെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും സ്ഥലം മാറ്റാൻ പാടില്ലെന്ന് ഒക്ടോബർ 3 ന് ഇറക്കിയ ഉത്തരവിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. സംസ്ഥാന ചീഫ് സെക്രട്ടറി, എല്ലാ സർക്കാർ വകുപ്പ്, സ്ഥാപന മേധാവികൾ  തുടങ്ങിയവർക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയത്.

സർക്കാർ വകുപ്പുകൾ, സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂട്ടറി ബോർഡുകൾ,കോർപ്പറേഷനുകൾ, സർവ്വകലാശാലകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവടങ്ങളിലെ ജീവനക്കാരുടെ സ്ഥലംമാറ്റത്തിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

ഭരണപരമായ അടിയന്തരസാഹചര്യം നേരിടേണ്ട സാഹചര്യത്തിൽ  സ്ഥലംമാറ്റം ആവശ്യമായി വരികയാണെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ ബോദ്ധ്യപ്പെടുത്തി മുൻകൂർ അനുമതി വാങ്ങേണ്ടതാണെന്നും കമ്മീഷൻ വ്യക്തമാക്കി. ഇപ്പോൾ നടന്നു വരുന്ന വോട്ടർപട്ടികപുതുക്കലുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റ ഉത്തരവുകൾ ബാധകമല്ല.