വിഷൻ 2031 സെമിനാറുകൾ: വിവിധ ജില്ലകളിൽ തയ്യാറെടുപ്പുകൾ ഊർജിതം

post

കേരള സംസ്ഥാന രൂപീകരണത്തിന്റെ 75-ാം വർഷമായ 2031-ൽ കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാറിന്റെ വിവിധ വകുപ്പുകൾ സംഘടിപ്പിക്കുന്ന 'വിഷൻ 2031' സെമിനാറുകൾക്കുള്ള സംഘാടന സമിതി രൂപീകരണം ഉൾപ്പെടെയുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. വിവിധ മേഖലകളിലെ വിദഗ്ധരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് സമഗ്രമായ വികസന രേഖ തയ്യാറാക്കുകയാണ് ഈ സെമിനാറുകളുടെ ലക്ഷ്യം. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ 33 സെമിനാറുകൾ സംസ്ഥാനത്തുടനീളം നടക്കും. സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആദ്യ സെമിനാർ ഒക്ടോബർ 3ന് തൃശൂരിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

റവന്യൂ വകുപ്പിന്റെ സെമിനാർ ഒക്ടോബർ 25നും സാംസ്‌കാരിക വകുപ്പിന്റെ സെമിനാർ ഒക്ടോബർ 31നും തൃശ്ശൂരിൽ നടക്കും. റവന്യൂ വകുപ്പിന്റെ സംഘാടക സമിതി യോഗം ഒക്ടോബർ 3ന് ചേർന്നു.

വൈദ്യുതി വകുപ്പിന്റെ സെമിനാർ ഒക്ടോബർ 24ന് പാലക്കാട് ജില്ലയിലെ മലമ്പുഴ ട്രൈപന്റയിൽ നടക്കും. സംഘാടക സമിതി രൂപീകരണം ഒക്ടോബർ 4ന് വൈകിട്ട് 3ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. എക്‌സൈസ് വകുപ്പിന്റെ സെമിനാർ ഒക്ടോബർ 23ന് രാവിലെ 10ന് കോസ്‌മോപൊളിറ്റൻ ക്ലബ്ബിൽ നടക്കും. സംഘാടക സമിതി രൂപീകരണം ഒക്ടോബർ 11ന് വൈകിട്ട് 3ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. തദ്ദേശസ്വയംഭരണ വകുപ്പിന്റെ സെമിനാർ ഒക്ടോബർ 13ന് രാവിലെ 9.30ന് കോസ്‌മോപൊളിറ്റൻ ക്ലബ്ബിൽ നടക്കും, ഇതിന്റെ സംഘാടക സമിതി സെപ്റ്റംബർ 25ന് രൂപീകരിച്ചു.

ആരോഗ്യ വകുപ്പിന്റെ സെമിനാർ ഒക്ടോബർ 14-നും ഗതാഗത വകുപ്പിന്റെ സെമിനാർ ഒക്ടോബർ 15നും പത്തനംതിട്ടയിൽ തിരുവല്ല ബിലീവേഴ്‌സ് ചർച്ച് ഹാളിൽ നടക്കും. കായിക വകുപ്പിന്റെ സെമിനാർ ഒക്ടോബർ 12, 13 തീയതികളിൽ മലപ്പുറം ജില്ലയിലെ റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കും. ഇതിന്റെ സംഘാടക സമിതി സെപ്റ്റംബർ 20ന് രൂപീകരിച്ചു. വനിതാ-ശിശു വികസന വകുപ്പിന്റെ സെമിനാർ ഒക്ടോബർ 16ന് തിരൂർ ബിയാൻ കോ ക്യാസിലിൽ നടക്കും. സംഘാടക സമിതി സെപ്റ്റംബർ 23ന് രൂപീകരിച്ചു.

പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പിന്റെ സെമിനാർ ഒക്ടോബർ 25ന് രാവിലെ 10ന് വയനാട് മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. സംഘാടക സമിതി സെപ്റ്റംബർ 27ന് രൂപീകരിച്ചു. തൊഴിൽ-നൈപുണ്യ വകുപ്പിന്റെ സെമിനാർ ഒക്ടോബർ 30ന് കൊല്ലം ജില്ലയിൽ നടക്കും. ഇതിന്റെ സംഘാടക സമിതി സെപ്റ്റംബർ 23ന് രൂപീകരിച്ചു.

പൊതുമരാമത്ത് വകുപ്പിന്റെ സെമിനാർ ഒക്ടോബർ 18ന് കോഴിക്കോട് ആസ്പിൻ കോർട്ട് യാർഡിൽ നടക്കും, സംഘാടക സമിതി രൂപീകരിച്ചു. യുവജനക്ഷേമ വകുപ്പിന്റെ സെമിനാർ ഒക്ടോബർ 21ന് കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ നടക്കും, സംഘാടക സമിതി രൂപീകരണം ഒക്ടോബർ 8ന് നടക്കും. പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ സെമിനാർ ഒക്ടോബർ 17ന് കാസർഗോഡ് കാഞ്ഞങ്ങാട് നടക്കും, സംഘാടക സമിതി രൂപീകരിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സെമിനാർ ഒക്ടോബർ 16ന് എറണാകുളം ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ നടക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സെമിനാർ ഒക്ടോബർ 18ന് കോട്ടയം മാമൻ മാപ്പിള ഹാളിൽ നടക്കും.

വിഷൻ 2031ന്റെ ഭാഗമായി വിദഗ്ധരുടെയുൾപ്പെടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കുന്ന നയരേഖ കേരളത്തിന്റെ വികസന പ്രയാണത്തിന് ദിശാബോധം നൽകും.