അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും

6 അവയവങ്ങള്‍ ദാനം ചെയ്തു
മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്ത കോഴിക്കോട് സ്വദേശിനി കെ. അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും. കോഴിക്കോട് മെട്രോ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിനിയായ 44 വയസുകാരിയിലാണ് ഹൃദയം മിടിക്കുക. തീവ്രദു:ഖത്തിലും അവയവദാനത്തിന് സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. അജിതയ്ക്ക് മന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുകയും ചെയ്തു.
കോഴിക്കോട്, ചാലപ്പുറം, വെള്ളിയഞ്ചേരി, പള്ളിയത്ത് വീട്ടില്‍ കെ.അജിത (46)യുടെ ഹൃദയം ഉള്‍പ്പെടെ ആറ് അവയവങ്ങളാണ് ദാനം ചെയ്തത്. ഹൃദയം, കരള്‍, 2 വൃക്ക, 2 നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്കയും രണ്ട് നേത്രപടലവും കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കും ഒരു വൃക്കയും കരളും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്കുമാണ് നല്‍കിയത്.
ഹൃദയസ്തംഭനത്തെ തുടര്‍ന്ന് 2025 സെപ്റ്റംബര്‍ 28ന് അജിതയെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഒക്ടോബര്‍ രണ്ടിന് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന്, അജിതയുടെ ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതം നല്‍കി. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂര്‍ത്തിയായത്.
പി. രവീന്ദ്രനാണ് അജിതയുടെ ഭര്‍ത്താവ്. പി.സാരംഗി (TWSI കോഴിക്കോട്), പി. ശരത് എന്നിവരാണ് മക്കള്‍. മരുമകന്‍ മിഥുന്‍ (ഇന്ത്യന്‍ ആര്‍മി)