മോട്ടോർ വാഹന ക്ഷേമ നിധി ബോർഡിന്റെ കുടിശ്ശിക നിവാരണ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

ക്ഷേമനിധി ബോർഡിലൂടെ സർക്കാർ വിതരണം ചെയ്തത് 347 കോടി രൂപയുടെ ആനുകൂല്യങ്ങൾ: മന്ത്രി വി ശിവൻകുട്ടി
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മാത്രം 84,203 പേർക്ക് 347 കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ ക്ഷേമനിധി ബോർഡിലൂടെ നൽകിയതായി തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മോട്ടോർ വാഹന ക്ഷേമ നിധി ബോർഡിന്റെ കുടിശ്ശിക നിവാരണ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ശിക്ഷക് സദനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസങ്ങളിലായി 41,990 ആളുകൾ പുതുതായി അംഗത്വമെടുത്തത് പദ്ധതിയുടെ സ്വീകരണശേഷിയും കാര്യക്ഷമതയും തെളിയിക്കുന്നു.
മോട്ടോർ തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള ചരിത്രപ്രാധാന്യമുള്ള പദ്ധതി കേരള സർക്കാർ 1985-ൽ ആരംഭിച്ചു. പിന്നീട് 2005-ൽ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ ക്ഷേമനിധി വികസിപ്പിച്ചു കൊണ്ടു വന്നപ്പോൾ, ഇന്ന് 12 ലക്ഷത്തിലധികം തൊഴിലാളികളും 15 ലക്ഷത്തിലധികം വാഹനങ്ങളും കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട് നിൽക്കുന്നു എന്നത് വലിയ സന്തോഷകരമാണ്. തൊഴിലാളികളുടെ ജീവിതത്തിലും കുടുംബങ്ങളുടെ ഭദ്രതയിലും വലിയ മാറ്റം വരുത്തിക്കൊണ്ട് ക്ഷേമനിധി ബോർഡ് മികച്ച രീതിയിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്തു വരുന്നു.
പെൻഷൻ, കുടുംബപെൻഷൻ, ചികിത്സാധനസഹായം, മരണാനന്തര സ്‌കോളർഷിപ്പ്, വിവാഹധനസഹായം, ശവസംസ്‌കാര ധനസഹായം, വിദേശത്തുനിന്നു മടങ്ങിയവർക്ക് സഹായം തുടങ്ങി തൊഴിലാളികളുടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും സുരക്ഷിതത്വം നൽകുന്ന പദ്ധതികളാണ് ക്ഷേമബോർഡ് നടപ്പിലാക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളിൽ ബോർഡിന്റെ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കാൻ നിരവധി നടപടികളാണ് സർക്കാരിന്റെ നിർദ്ദേശപ്രകാരം മുന്നോട്ടു കൊണ്ടുപോയത്. പെൻഡിംഗ് ഫയലുകൾ തീർപ്പാക്കലിനായി പ്രത്യേക പദ്ധതി നടപ്പിലാക്കി. അവധി ദിവസങ്ങളിലുൾപ്പെടെ ഓഫീസുകൾ തുറന്ന് 5858 ഫയലുകൾ തീർപ്പാക്കി 37 കോടി രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്തു. സ്‌കൂളുകൾ തുറക്കുന്നതിനുമുമ്പ് തന്നെ കുട്ടികൾക്ക് സ്‌കൂൾ കിറ്റുകൾ നൽകി. അപേക്ഷകരിൽ അർഹത നേടിയവർക്കായി ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നതിന് നടപടികൾ ആരംഭിച്ചു. ഫയലുകളുടെ ഡിജിറ്റൈസേഷനും ഡാറ്റാ എൻട്രിയും പുരോഗമിക്കുന്നു.
ഇപ്പോഴും പല തൊഴിലാളികളും കുടിശ്ശികക്കാരായിരിക്കുന്ന സാഹചര്യമുണ്ട്. അവബോധത്തിന്റെ കുറവും വിവരങ്ങളുടെ അഭാവവുമാണ് ഇതിന് കാരണം. ഈ കുറവ് പരിഹരിക്കാനാണ് 2025 ഒക്ടോബർ 3 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം 200 കുടിശ്ശിക നിവാരണ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ഈ ക്യാമ്പുകളുടെ സന്ദേശം തൊഴിലാളികളിലെത്തിക്കുന്നതിനായി കഴിഞ്ഞ ഒരു മാസക്കാലമായി സംസ്ഥാനവ്യാപകമായി പ്രചരണ പരിപാടിയും ട്രേഡ് യൂണിയനുകളുടെ സഹകരണത്തോടെ നടത്തി.
ഈ ക്യാമ്പുകളിലൂടെ കുടിശ്ശികകളുടെ ഭാരത്തിൽ നിന്ന് തൊഴിലാളികളെ മോചിപ്പിക്കാനും ക്ഷേമബോർഡിന്റെ എല്ലാ ആനുകൂല്യങ്ങളും സമയബന്ധിതമായി ലഭ്യമാക്കാനും കഴിയും. തൊഴിലാളികളുടെ ക്ഷേമമാണ് സർക്കാരിനും ബോർഡിനും ഏറ്റവും മുൻഗണന. ഈ പരിപാടി അതിന്റെ തെളിവാണ്. കേരള മോഡൽ എന്നറിയപ്പെടുന്ന സാമൂഹിക സുരക്ഷാ സംസ്ഥാനത്തിന്റെ ശക്തമായ അടിത്തറ തൊഴിലാളികളുടെ ക്ഷേമത്തിലാണ്. നമ്മുടെ മോട്ടോർ തൊഴിലാളികൾ കൂടുതൽ ശക്തരാകട്ടെ, സംരക്ഷിതരാകട്ടെ, അവരുടെ കുടുംബങ്ങൾക്കു സുരക്ഷിതമായ ഭാവി ഉണ്ടാകട്ടെയെന്നും മന്ത്രി ആശംസിച്ചു. മാതൃകാ പ്രവർത്തനം നടത്തിയ കടക്കലിലെ ഓട്ടോറിക്ഷ ഡ്രൈവർ ലാലു ടി, ക്ഷേമനിധി ബോർഡ് ജീവനക്കാരി രേഖയുടെ മകൾ സന്ധ്യ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മോട്ടോർ തൊഴിലാളികളുടെ മക്കളിൽ കലാകായിക മൽസരങ്ങളിൽ വിജയികളായവർക്കുള്ള അവാർഡ് ദാനവും ചടങ്ങിൽ നടന്നു. ആന്റണി രാജു എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി കെ ഹരികൃഷ്ണൻ സ്വാഗതമാശംസിച്ചു. ബോർഡംഗങ്ങൾ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.സി ഇ ഒ പി ആർ ശങ്കർ നന്ദി അറിയിച്ചു.