കൊട്ടിയൂര്‍ വികസന സദസ്സ് :മനുഷ്യ- വന്യജീവി സംഘര്‍ഷത്തിനുള്ള പരിഹാരം കാര്യക്ഷമമാക്കാന്‍ നിര്‍ദ്ദേശം

post

കണ്ണൂർ കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സിന്റെ ഭാഗമായി നടന്ന പൊതുചര്‍ച്ചയില്‍ കൊട്ടിയൂരിന്റെ സമഗ്ര വികസനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ പങ്കുവച്ച് നാട്ടുകാര്‍. മനുഷ്യ-വന്യജീവി സംഘര്‍ഷത്തിനുള്ള പരിഹാരങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ കാര്യക്ഷമമായി നടപ്പാക്കണം എന്നായിരുന്നു ഓപ്പണ്‍ഫോറത്തിലെ പ്രധാന നിര്‍ദ്ദേശം. വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് നിലവിലുള്ള പരിഹാരമാര്‍ഗങ്ങള്‍ പര്യാപ്തമല്ലെന്നും കൃഷി സംരക്ഷിക്കാന്‍ സോളാര്‍ ഫെന്‍സിങ് പോലുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെന്നും കര്‍ഷകൻ ഒ എം കുര്യാച്ചന്‍ പറഞ്ഞു. കാട്ടുപന്നി, കുരങ്ങ് എന്നിവ വരുത്തുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ നിലവില്‍  ഫലപ്രദമായ മാര്‍ഗ്ഗങ്ങളില്ലെന്നും ഇവയെ നിയന്ത്രിക്കാന്‍ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ കണ്ടെത്തി സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ വ്യക്തികള്‍ക്ക് സോളാര്‍ ഫെന്‍സിങ് നിര്‍മിക്കാന്‍ 100 ശതമാനം സബ്‌സിഡി നല്‍കണമെന്ന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.ജെ ഷാജി നിര്‍ദ്ദേശിച്ചു.

റോഡ് വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിന് നിലവിലുള്ള സങ്കീര്‍ണമായ നടപടിക്രമങ്ങളില്‍ മാറ്റം വരുത്തണം.

കൊട്ടിയൂര്‍-ബോയ്‌സ് ടൗണ്‍ റോഡ്, 44ാം മൈല്‍ റോഡ്, പാലുകാച്ചി മല റോഡ് എന്നിവ വികസിപ്പിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയർന്നു.  കൊട്ടിയൂര്‍ ഉത്സവത്തോടനുബന്ധിച്ച് ഉണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് റോഡ് വീതി കൂട്ടി നിര്‍മ്മിക്കണമെന്നും ക്ഷേത്രത്തോട് അനുബന്ധിച്ച് മേല്‍പ്പാലം നിര്‍മ്മിക്കണമെന്നും നിര്‍ദ്ദേശമുണ്ടായി. പ്രദേശത്ത്  പൊതുശ്മശാനം നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്തി  നടപടി എടുക്കണം. പഞ്ചായത്തില്‍ പൊതു കളിസ്ഥലം നിര്‍മ്മിക്കണമെന്നും ആവശ്യമുയര്‍ന്നു.

വികസന സദസ്സിന്റെ ഭാഗമായി വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിന് കെ സ്മാര്‍ട്ട് ക്ലിനിക്കും സജ്ജമാക്കിയിരുന്നു. കെട്ടിട നികുതി ഒടുക്കല്‍, ബില്‍ഡിംഗ് സര്‍ട്ടിഫിക്കറ്റ്, മരണ സര്‍ട്ടിഫിക്കറ്റ്, കെട്ടിടം ലിങ്ക് ചെയ്യല്‍, കെ സ്മാര്‍ട്ട് സൈറ്റില്‍ ലോഗിന്‍ ഐ.ഡി നിര്‍മിക്കല്‍ എന്നീ സേവനങ്ങള്‍ ക്ലിനിക്കില്‍ ലഭ്യമാക്കി. വികസന സദസ്സിനോടനുബന്ധിച്ച് പഞ്ചായത്തില്‍ നടക്കാനുദ്ദേശിക്കുന്ന തൊഴില്‍ മേളയുടെ ഉദ്ഘാടനവും നടന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം തൊഴില്‍ മേളയും കെ സ്മാര്‍ട്ട് ക്ലിനിക്കും ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍ തുരുത്തിയില്‍, പഞ്ചായത്ത് സെക്രട്ടറി റെജി പി മാത്യു, അസിസ്റ്റന്റ് സെക്രട്ടറി എം.ജി സുഭാഷ് എന്നിവര്‍ സംസാരിച്ചു.