അഴീക്കോട് ഇനി 'സമ്പൂർണ്ണ വായനശാല' പഞ്ചായത്ത്: പ്രഖ്യാപനം നടത്തി പി. സായിനാഥ്

പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഴീക്കോട് ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ വായനശാല പ്രഖ്യാപനം മുതിർന്ന മാധ്യമ പ്രവർത്തകൻ പി. സായിനാഥ് ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ ചരിത്രപരമായ നേട്ടങ്ങളെ കൂടുതൽ മുന്നോട്ട് നയിക്കുന്ന സവിശേഷമായ ഇടപെടലാണ് സമ്പൂർണ്ണ വായനശാല പ്രഖ്യാപനമെന്ന് ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. വായനശാലകൾ പുസ്തക ശേഖരണ കേന്ദ്രം എന്നതിനപ്പുറം മാനവികതയും കൂട്ടായ്മയും രൂപപ്പെടുത്താനുള്ള സാമൂഹിക ഇടം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
വൻകുളത്ത് വയൽ അക്ലിയത്ത് എൽ പി സ്കൂളിൽ നടന്ന പരിപാടിയിൽ കെ.വി സുമേഷ് എം എൽ എ മുഖ്യാതിഥിയായി. സമ്പൂർണ വായനശാല പ്രഖ്യാപനം ലക്ഷ്യമാക്കി പീപ്പിൾസ് മിഷന്റെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ് ജില്ല. ആയിരം ആളുകൾക്ക് ഒരു വായനശാലയെന്ന ആശയമാണ് നടപ്പാക്കുന്നത്. എല്ലാ വാർഡിലും വായനശാലകൾ രൂപപ്പെടുത്താനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ പൊതുയിടങ്ങൾക്ക് പ്രാധാന്യം നൽകുകയെന്നത് സുപ്രധാന കടമയാക്കി വിപുലമായ പ്രചാരണപ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. സാമൂഹ്യ, സാംസ്‌കാരിക സംഘടനകളെ കണ്ണിചേർത്ത് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ലാ ലൈബ്രറി കൗൺസിലിന്റെയും സജീവമായ പങ്കാളിത്തത്തോടെയാണ് പ്രവർത്തനം. ‘തുടങ്ങാം നാട്ടിലൊരു വായനശാല’ എന്ന മുദ്രാവാക്യം നാട് ഏറ്റെടുത്തു.
വായനശാലകൾ സ്ഥാപിച്ചിട്ടില്ലാത്ത വാർഡുകളിൽ തീവ്രയജ്ഞ പരിപാടിയിലൂടെ വായനശാലകൾ സ്ഥാപിച്ചാണ് എല്ലാ പഞ്ചായത്തുകളെയും സമ്പൂർണ വായനശാലാ പഞ്ചായത്താക്കുന്നത്. തുടർന്ന് സമ്പൂർണ വായനശാലാ ജില്ലാ പ്രഖ്യാപനം നടത്തും. പരിപാടിയുടെ ഭാഗമായി കച്ചേരിപ്പാറയിൽ നിന്നും ഘോഷയാത്രയും വിവിധ കലാ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് അധ്യക്ഷനായി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഗിരീഷ് കുമാർ, പി കെ വിജയൻ, പ്രമോദ് വെള്ളച്ചാൽ, കെ ടി ശശി, സനീഷ് കുമാർ, വാക്ഭടാനന്ദ ലൈബ്രറി പ്രസിഡന്റ് ലക്ഷ്മണൻ മാസ്റ്റർ, സി ജസ്‌ന, ജയൻ കാണി തുടങ്ങിയവർ സംസാരിച്ചു.