മാതമംഗലത്ത് ഹാപ്പിനസ് പാർക്ക് തുറന്നു

ജീവിതത്തിരക്കിനിടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആഹ്ലാദിക്കാനായി കണ്ണൂർ
എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിലെ മാതമംഗലത്ത് ഹാപ്പിനസ് പാർക്ക് തുറന്നു. ടി.ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
എംഎൽഎ യുടെ പ്രത്യേക വികസന നിധിയിൽനിന്ന് അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് പാർക്ക് പൂർത്തിയാക്കിയത്. മുതിർന്നവർക്ക് രാവിലെയും വൈകിട്ടും നടക്കാനും വ്യായാമം ചെയ്യാനുമുള്ള സൗകര്യങ്ങളോടെയാണ് പാർക്ക് ഒരുക്കിയിട്ടുള്ളത്. ജീവിത ശൈലീരോഗങ്ങൾ വ്യാപകമാകുന്ന കാലത്ത് ജനങ്ങളുടെ ആരോഗ്യ സംരക്ഷണം കൂടി ലക്ഷ്യമിട്ടാണ് പാർക്ക് നിർമിച്ചത്. ആധുനിക സംവിധാനത്തോടെ സജ്ജീകരിച്ച ലൈറ്റ് സംവിധാനം മറ്റൊരു പ്രത്യേകതയാണ്. ജനങ്ങളുടെ സന്തോഷത്തിനും കരുതലിനും പ്രാധാന്യം നൽകുന്ന ഇടപെടലാണ് പയ്യന്നൂർ നിയോജക മണ്ഡലത്തിൽ ഒരുങ്ങുന്ന ഹാപ്പിനസ് പാർക്കുകൾ.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ രാമചന്ദ്രൻ അധ്യക്ഷനായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ രാജൻ, കെ സരിത, പഞ്ചായത്തംഗം പി.വി വിജയൻ എന്നിവർ പങ്കെടുത്തു.