പ്രത്യയശാസ്ത്രവും പ്രത്യുഷചന്ദ്രികയും- ഓർമ്മകളിൽ പി ഭാസ്‌കരൻ

post

സി.എസ്. മീനാക്ഷി

രാജ്യം മുഴുവനും കൊടുമ്പിരി കൊണ്ടിരുന്ന സ്വാതന്ത്ര്യസമരം, ജന്മിത്തത്തിനെതിരെയും അനാചാരങ്ങൾക്കെതിരെയും കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ മുൻകയ്യിൽ നടന്നുകൊണ്ടിരുന്ന നവോത്ഥാന പ്രവർത്തനങ്ങൾ, കലാസാംസ്‌കാരിക രംഗങ്ങളിലെ ഭാവുകത്വമാറ്റങ്ങൾ, സിനിമ, റേഡിയോ, ഗ്രാമഫോൺ തുടങ്ങി പുതുവിനോദോപാധികളുടെ വരവ്, ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന നിർമിതി എന്നിവയ്ക്കൊപ്പമായിരുന്നു ഐക്യകേരള രൂപവൽക്കരണ ശ്രമങ്ങൾ നടന്നുകൊണ്ടിരുന്നത്. അങ്ങനെ സജീവമായ പ്രവർത്തനങ്ങൾ കൊണ്ട് രാജ്യം ഇളകിമറിഞ്ഞു കൊണ്ടിരുന്നപ്പോൾ അതിൽ ഊർജസ്വലമായി പങ്കുകൊണ്ട കവികളുടെയും ചലച്ചിത്രകാരന്മാരുടെയും കൂട്ടത്തിൽ മുൻനിരയിൽത്തന്നെയുണ്ടായിരുന്നു പി ഭാസ്‌കരൻ.

പ്രസ്ഥാനത്തിന്റെ ചട്ടക്കൂടിനകത്തും പിന്നീട് ആകാശവാണിയിലും ഷെഡ്യൂൾ അനുസരിച്ച് പ്രവർത്തിച്ചു കൊണ്ടിരുന്ന ഭാസ്‌കരൻ ആ ബന്ധനമുപേക്ഷിച്ച് കാവ്യകല അവതരിപ്പിക്കുന്നതിലെ ആഹ്ലാദം ഉറൂബ് 'ഓർക്കുക വല്ലപ്പോഴും' എന്ന കവിതാസമാഹാരത്തിനെഴുതിയ അവതാരികയിൽ പ്രകടിപ്പിക്കുന്നുണ്ട്. ഭാസ്‌കരകവിതയെക്കുറിച്ച് ഉറൂബ് പറയുന്നു:

'ശോകസ്ഥായിത്വം, സംഗീതാത്മകത്വം, ആകസ്മികത, നൈമിഷികമായ വികാരതീവ്രതയും തന്മൂലമുള്ള മുൻപിൻ നോക്കായ്മയും, ലളിതവികാരങ്ങളോടുള്ള അതിർകടന്ന മമത, അന്ത:ക്രിയാത്മകത്വം, അന്തരീക്ഷത്തെ ധ്വനിപ്പിക്കാനുള്ള മിടുക്ക്, നാടകീയമായ ചിത്രണത്തിനുള്ള സാമർഥ്യം എന്നീ സവിശേഷതകളോടു കൂടി അതു വളരുന്നു.'

'പ്രഭാതമോ സന്ധ്യയോ നക്ഷത്രമോ കവിതാവിഷയമാക്കിപ്പോയാൽ മനുഷ്യസ്നേഹിയല്ലാതായിക്കളയുമെന്ന് ധാരണ വിടുക. മനുഷ്യൻ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന എന്തിനെപ്പറ്റിയുമെഴുതുക. നര കയറാവുന്ന തത്വശാസ്ത്രങ്ങളിൽ നിന്നല്ല, നിത്യപച്ചയായ ജീവിതത്തിൽ നിന്നാണ് കവി ആവേശം കൊള്ളേണ്ടത്'.

പച്ചയായ ജീവിതസന്ദർഭങ്ങളെ പ്രഭാതങ്ങളേയും സന്ധ്യകളേയും പുഴകളേയും പൂക്കളേയും വെച്ച് ഭാസ്‌കരൻ മാഷ് ആവിഷ്‌കരിച്ചു. മാനത്തിൻ മുറ്റത്ത് മഴവില്ലാലഴ കെട്ടുന്ന മധുമാസസന്ധ്യകളുടെയും മുരിക്കിൻതൈയുടെ ചുവട്ടിൽ മുറുക്കിത്തുപ്പുന്ന പ്രഭാതസന്ധ്യകളുടെയും ഭംഗി നിറഞ്ഞ മങ്ങൂഴമുണ്ട് ഭാസ്‌കരഗീതങ്ങളിൽ. രാവു പോയി പുലരി വരും മുൻപുള്ള സമയത്തെ എന്തെന്നില്ലാത്ത ഒരു പ്രശാന്തി തോന്നും അഭയത്തിലെ രാവു പോയതറിയാതെ എന്ന പാട്ടു കേൾക്കുമ്പോൾ. അത് ജി യുടെ രചനാശൈലിയെ ഓർമ്മിപ്പിക്കുന്ന ഒരു ഗാനമാണ്.


കാഫ്കയുടെ മെറ്റമോർഫസിസിലെ ആദ്യവരിയെ ഓർമ്മപ്പെടുത്തുന്ന പാട്ടാണ് 'പുലർകാലസുന്ദരസ്വപ്നത്തിൽ ഞാനൊരു പൂമ്പാറ്റയായിന്നു മാറി' എന്ന പാട്ട്. തികച്ചും കേരളീയമായ ബിംബങ്ങൾ വരുന്ന പാട്ടുകൾ വേറേയുമുണ്ട്. നല്ലോലപ്പൈങ്കിളീ നാരായണക്കിളീ, കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ, അഞ്ജനക്കണ്ണെഴുതി, തളിരിട്ട കിനാക്കൾ തൻ, കൊട്ടും ഞാൻ കേട്ടില്ല തുടങ്ങിയ ഗാനങ്ങളൊക്കെ അത്തരത്തിലുള്ളവയാണ്.


ജീവിതത്തിന്റെ ഇരുണ്ട മറുപുറങ്ങൾ

സമൂഹമനസ്സിന്റെ കൂടെ താദാത്മ്യം പ്രാപിക്കുന്ന മനസ്സായിരുന്നു പി.ഭാസ്‌കരന്റേത് എന്ന് ഡോ.എം. ലീലാവതി പി ഭാസ്‌കരന്റെ തിരഞ്ഞെടുത്ത കവിതകൾ എന്ന സമാഹാരത്തിന്റെ അവതാരികയിൽ പറയുന്നുണ്ട്. സാധാരണജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ എന്നും ഭാസ്‌കരൻ മാഷെ അലട്ടിയിരുന്നു എന്ന് വ്യക്തമാക്കുന്ന ഒരു പിടി കവിതകളുണ്ട്. അമ്മി കൊത്തുന്ന ബാലൻ എന്ന കവിതയിൽ വയറ്റുപ്പിഴപ്പിനായി അമ്മി കൊത്തുന്ന ബാലന്റെ ദീനതകൾ വരച്ചു കാട്ടുന്നുണ്ട്.

കണ്ടേൻ പശിയൊരു ബാലകരൂപം

പൂണ്ടു നടപ്പൂ സവിധത്തിൽ

കീറിമുഷിഞ്ഞൊരു കാക്കിക്കാലുറ'

ചേറു പുരണ്ടൊരു കുപ്പായം

ഒരു ചെറുചാക്കിൻ കെട്ടാച്ചുമലിൽ

പരിശൂന്യതയാ മിഴി മുന്നിൽ

കഥയറിയാത്തൊരു പയ്യൻ ക്ഷുത്തിൻ

കനലുകളെരിയും ജഠരവുമായ് കൊട്ടിയടച്ചൊരു കോവിൽനടകളിൽ

മുട്ടിവിളിച്ചു നടക്കുന്നൂ:

''അമ്മികൾ, ഉരലുകൾ, കൊത്താനുണ്ടോ

അമ്മേ,തായേ ഗുണവതിയേ?''


കാലം മാറുന്നത് ഈ ലളിതമായ കവിതയിലൂടെ വരച്ചുകാട്ടുകയാണ് . കൈപ്പണിയുടെ സ്ഥാനത്ത് യന്ത്രങ്ങൾ വരുന്നു. മനുഷ്യർ ഉച്ചപ്പടത്തിനായിടി വിക്കു മുൻപിലിരിക്കുന്നു. യന്ത്രങ്ങൾ പണി ഏറ്റെടുക്കുമ്പോൾ മനുഷ്യർക്ക് വിനോദത്തിന്, വിശ്രമത്തിന് എല്ലാം അധികസമയം കിട്ടുന്നുണ്ട്. മറുപുറത്ത് ജോലി നഷ്ടപ്പെടുന്നവർ.

അവനൊരു ജീവന്നവരമേകാനായ്

അമ്മിക്കല്ലിൻ രൂപത്തിൽ

അവതാരങ്ങളിലൊന്നും തന്നെ അവന്റെ മുമ്പിലണഞ്ഞീലാ

മിക്സികൾ തിരിയും ബഹളം ടിവിയിൽ

ഉച്ചപ്പടമതിനാരംഭം

നമ്മളധികം പേരും കാണാത്ത ആ ഇരുണ്ട, കേൾക്കാത്ത മറുപുറം കാണുന്നു എന്നതാണ് മാഷുടെ സവിശേഷത.

ഇങ്ങനെ മറുപുറത്തെ പൊരുൾ അന്വേഷിക്കാൻ ഭാസ്‌കരനെ പ്രേരിപ്പിക്കുന്ന ചേതോവികാരമെന്താണ്? അത് 'മനസ്സിന്റെ കടൽ വാറ്റിയ പരിപാവന മിഴിനീര് മാത്രം.

കവി സമൂഹവുമായി ഐക്യം പ്രാപിക്കുന്ന മറ്റൊരു കവിതയാണ് 'സന്തോഷ് ട്രോഫി'. മൈതാനത്ത് ഒരു ഗോൾ പിറന്നപ്പോൾ ആഘോഷത്തിമർപ്പിൽ, കപ്പലണ്ടിപ്പൊതി നീട്ടുന്ന ബാലകനെ മറ്റാരും ശ്രദ്ധിക്കുന്നില്ലെങ്കിലും കവി ഗൗനിക്കുന്നു:

അവന്റെ കാല്പന്തായിക്കപ്പലണ്ടി തൻ മണി

ഉയർന്നു പൊന്തീടുന്നു ഭൂചക്രവാളങ്ങളിൽ

നക്ഷത്ര വിദ്യുച്ഛക്തി ദീപങ്ങൾ ജ്വലിക്കുന്ന

ക്ഷുത്തിന്റെ മൈതാനത്തിൽ - വ്യർഥമായ് നിരർഥമായ്

ചിതറിവീണ ഒരു കപ്പലണ്ടിമണി നക്ഷത്രദീപങ്ങൾ ജ്വലിക്കുന്ന ഭൂചക്രവാളങ്ങളിലെ വിശപ്പിന്റെ മൈതാനത്തിൽ ലക്ഷ്യം സാധിക്കാതെ പോകുന്ന ആ ഭാവന എത്ര ഉയർന്നതാണ്! ഇങ്ങിനെ സ്ഥൂലത്തിൽ നിന്നും സൂക്ഷ്മത്തിലേക്ക്, ദൃശ്യമാകുന്നതിൽ നിന്നും അദൃശ്യവിചാരങ്ങളിലേക്ക് സഞ്ചരിക്കുന്ന കവിതകൾ


'അന്നും ഇന്നും' എന്ന കവിതയിലെന്നപോലെ വേറെയും കാണാം. ഹാസ്യഗാനങ്ങൾ എന്ന വിഭാഗത്തിൽപെടുത്തുന്ന മാഷുടെ പല ഗാനങ്ങളിലും പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരമായിരുന്നു വിഷയം.ആരോരുമില്ലാത്ത തെണ്ടി പക്ഷെ ആറടിമണ്ണിന്റെ ജന്മി (ആറടിമണ്ണിന്റെ ജന്മി), നയാപൈസയില്ല (നീലിസാലി, 1960), വണ്ടീ പുകവണ്ടീ(ഡോക്ടർ, 1963) എന്നീ ഗാനങ്ങളൊക്കെ ഇത്തരത്തിലുള്ളവയാണ്.

പുല്ലാങ്കുഴലും തോക്കും

വില്ല് താഴെ വച്ച് വീണ കയ്യിലെടുത്ത ഭാസ്‌കരൻ മാഷെക്കുറിച്ച് ആമുഖത്തിൽ പ്രതിപാദിച്ചിരുന്നു. തന്റെ കവിതകളിലും ഈ രൂപാന്തരണം ദൃശ്യമാണ്. 1945 ൽ മാഷ് എഴുതിയ കവിതയാണ് 'ക്ഷമിക്കുക' എന്ന കവിത.

പ്രേമഗായകനാകുന്നില്ല

ഞാനോമനേ മാപ്പു നൽകണേ

പട്ടിണിയിൽ ജനിച്ചു ജീവിച്ചു

പട്ടട നലകും ജീവിതം

കൈവിലങ്ങുമണിഞ്ഞു, കഷ്ടത

കൈവരിച്ചിടും ജീവികൾ -

ഹൃദയമല്ലിവയെങ്കിലും പ്രിയേ

സത്യമാണിവയൊക്കെയും!

മോചനം- ഹാ ഹാ -മോഹനം വന്നു

മോഹനപ്രഭ ചിന്തവേ

വിശ്വമെങ്ങും പരമശാന്തിയിൽ

വിശ്രമിക്കാനൊരുങ്ങവേ

ഹർഷപൂരിതർ നമ്മൾക്കന്നൊരു

പുഷ്പം ചിന്തിയ മെത്തയിൽ

ചുണ്ടിണകൾ ചുവക്കുവോളവും

ചുംബനത്തിൽ ലയിച്ചിടാം

'പ്രേമഗായകനല്ല ഞാനിപ്പോ -ളോമനേ മാപ്പു നൽകണേ' എന്നെഴുതിയ മാഷ് 1981 ആകുമ്പോൾ തോക്കിന്റെ കുഴൽ നിങ്ങൾക്കാധാരം-എന്റെ വാക്കിന്റെ പൊരുളെനിക്കാധാരം എന്ന് ആമയും മുയലും എന്ന കവിതയിലെഴുതുന്നുണ്ട്.

സത്രത്തിൽ ഒരു രാത്രി എന്ന കവിതയിൽ ഒരു പോരാളിയുടെ മനസ്സും നാട്ടിൻപുറവും കൃഷിയുമെല്ലാം പ്രിയമായി കരുതുന്ന ഒരു കലാകാര മനസ്സും തമ്മിലുള്ള സംഘർഷമുണ്ട് .

പുല്ലാങ്കുഴലു തലയ്ക്കലിരിപ്പൂ

പുതിയൊരു തോക്കാക്കാൽക്കലുമേ

വച്ച് ആ ഭടൻ ഉറങ്ങുകയാണ്. സ്വപ്നത്തിൽ നർത്തകിയുടെ മനോഹരചലനങ്ങൾ. പിഞ്ചിക വീശും മാന്ത്രികനായ് പിറ്റേ നാൾ പുലരുമ്പോൾ പടയാളി യഥാർഥ ലോകത്തിലേക്ക് മടങ്ങുകയാണ്. ഈ ആശയത്തിന്റെ തുടർച്ചയാണ് മൂലധനം (1969) എന്ന സിനിമയിലെ 'എന്റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തു' എന്ന പാട്ട്. വീണക്കമ്പി ഉരുക്കി തൊഴിലാളികളുടെ കയ്യിൽ പൂട്ടുവാൻ വിലങ്ങു തീർക്കുന്നവർ.

പ്രസ്ഥാനങ്ങളുടെ പല രീതിയിലുള്ള അപചയങ്ങളും മൂല്യച്യുതിയും മാഷിനെ വേദനിപ്പിച്ചിരുന്നു. അതിനെയെല്ലാം കണ്ടില്ലെന്ന് നടിക്കാതെ അദ്ദേഹം കവിതയിലൂടെ ചോദ്യം ചെയ്തു.

ദീർഘപ്രതീക്ഷ എന്ന കവിതയിൽ എഴുതുന്നു:

ഭരണപീഠങ്ങൾ സാമ്രാജ്യവേദിയിൽ-

ക്കുരുതി കൂട്ടുന്നു മർത്യരക്തത്തിനാൽ

അനവധിശതമാർത്തരായ് വീഴിലും

മനുജനീതികൾ നിദ്രയിലാണുപോൽ!

കവിതയുടെ പേരിനെ അന്വർഥമാക്കുന്ന വരികളാണ് അവസാനം വരുന്നത്.

നിലപിഴച്ച സമുദായനീതി തൻ

വലയിൽവീണു വലയും സഖാക്കളേ ,

വരുവതുണ്ട് വിമുക്തിയരുളുവാ-

നൊരു മനോഹരവാസന്ത വാസരം

നേരത്തെ പറഞ്ഞ 'എന്റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തു' എന്ന പാട്ട് അവസാനിക്കുന്നതും ഈ ശുഭപ്രതീക്ഷയിലാണ്.

'എൻ കിനാവിൻ മൺകുടിലിൽ ഇരിക്കുന്നു ഞാനാ

പൊൻപുലരി വരുന്നതും നോക്കി നോക്കി

എന്റെ ഗാനശേഖരത്തിൻ പൂക്കണി കാണാൻ

പൊന്നുഷസ്സേ പൊന്നുഷസ്സേ വന്നുചേർന്നാലും'

സിനിമ പോലെ ഒരു പകിട്ടാർന്ന മേഖലയിലെത്തിയിട്ടും സമൂഹത്തിലെ കഠിനാധ്വാനം ചെയ്യുന്ന, കഷ്ടപ്പാടും ദാരിദ്ര്യവും അനുഭവിക്കുന്ന ജനവിഭാഗത്തിന്റെ കൂടെയായിരുന്നു പി ഭാസ്‌കരൻ. സിനിമ എന്ന മാധ്യമത്തിലൂടെ സമൂഹത്തിലെ അധ:കൃതരുടെ ശബ്ദമാകുന്നുണ്ടദ്ദേഹം.


നാടൻഭാഷാ പ്രയോഗങ്ങളുടെ കലവറ

മനുഷ്യരുടെ അടിസ്ഥാന വികാരങ്ങളിലൊന്നായ പ്രണയം, ഒരു സ്ഥലത്തെ ഭൂപ്രകൃതിയുമായുള്ള വൈകാരികബന്ധം, അത് വിട്ടുപോകുമ്പോഴുണ്ടാകുന്ന ഗൃഹാതുരത എല്ലാം പരസ്പരബന്ധിതങ്ങളാണ്. ഭാസ്‌കരന്റെ കവിതകളിലും പാട്ടിലുമെല്ലാം ഈ ഘടകങ്ങൾ കൂടിക്കുഴഞ്ഞ് കിടക്കുകയാണ്. സംഘസാഹിത്യത്തിലെ തിണൈകൾ ഓരോന്നും പ്രത്യേക ഭൂപ്രകൃതിയിൽ വിതാനിച്ചിരിക്കുന്നതുപോലെ അദ്ദേഹത്തിന്റെ പ്രണയിതാക്കൾ കണ്ടുമുട്ടുന്നിടം പോലും നാടനിടങ്ങളാണ്. കല്ലുവെട്ടാംകുഴിയെയും ഇടവഴിയെയും വേലിയരുകിനെയും അദ്ദേഹം കാല്പനികതയിൽ പ്രതിഷ്ഠിച്ചു.

വെളുക്കുമ്പോൾ കുളിക്കുവാൻ പോകുന്ന വഴിവക്കിലെ വേലിയിലും കല്ലുവെട്ടാംകുഴിക്കക്കരെയും ഇലഞ്ഞിമരച്ചോട്ടിലും അദ്ദേഹത്തിന്റെ കാമുകീകാമുകന്മാർ കണ്ടുമുട്ടി. എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലിൽ എന്ന് കാമുകൻ കാമുകിയോടും നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറകെട്ടാൻ എന്ന് കാമുകി കാമുകനോടും ചോദിച്ചു. ഭാസ്‌കരൻ മാഷുടെ ഗാനങ്ങളിൽ ഗന്ധർവന്മാരോ ചക്രവർത്തിനിമാരോ അല്ല, മറിച്ച് മണ്ണടുപ്പമുള്ള മനുഷ്യരായിരുന്നു, വിരുന്നുകാരനും കളിത്തോഴിമാരും സുറുമക്കാരനും മണിവേണുഗായകനും അജപാലബാലികയും ആയിരുന്നു ഉണ്ടായിരുന്നത്. 100 സി സി ബൈക്കും അതിലൊരു പൂജാഭട്ടും വേണമെന്നല്ല, പെണ്ണുകെട്ടിന് കുറിയെടുക്കുമ്പോൾ ഒരു നറുക്കിന് ചേർക്കണേയെന്നും വീട്ടുകാരിയായി വന്നിട്ട് എന്റെ മൺപുരയിൽ അന്തിക്ക് തിരി കൊളുത്തേണമെന്നും പിന്നിപ്പോയ പട്ടുറുമാൽ തുന്നിത്തരേണമെന്നുമാണ് മാഷുടെ പാട്ടിലെ ചെറുപ്പക്കാരന്റെ ആഗ്രഹം. ഉറുമാൽ മാഷുടെ ഒരു പ്രിയ പ്രേമബിംബമായിരുന്നു. മന്ദഹാസത്തൂവാലയാൽ തുടച്ചെടുക്കാം (കാർത്തികരാത്രിയിലെ മഞ്ഞുതുള്ളിയോ) എന്നും വെണ്മുകിൽ തൂവാല തുന്നിയിരിക്കുന്നു കണ്ണിൽ കവിതയുമായി (പാതിരാവായില്ല) എന്നും മറ്റു ചില പാട്ടുകളിൽ വരുന്നത് ഓർക്കുന്നു.

നാടൻഭാഷാപ്രയോഗങ്ങളുടെ കലവറ തന്നെയാണ് പി ഭാസ്‌കര രചനകൾ. ഹാസ്യഗാനങ്ങളിൽ ഇത്തരം ദൈനദിനസംസാരശൈലി ഉപയോഗിക്കുന്നത് സാധാരണം. എന്നാൽ ഭാസ്‌കരൻ മാഷ് പ്രണയഗാനങ്ങളിലും ധൈര്യമായി അത്തരം പ്രയോഗങ്ങൾ നടത്താറുണ്ട്. പ്രേമകൗമുദി മലർമഴ ചൊരിഞ്ഞു എന്ന അതിസുന്ദരമായ ഗാനത്തിന്റെ ചരണത്തിൽ വരുന്ന ഒരു വാക്കുണ്ട്: കരുമന- കുറുമ്പ് എന്നോ കുസൃതി എന്നൊക്കെ അർഥം വരുന്ന ഒരു വാക്ക്.

ഇന്ദ്രജാലക്കാരൻ സ്നേഹം ഇന്നു കാട്ടും കരുമനയാലേ (2)

നമ്മളേതോ മാസ്മരനിദ്രയിൽ

നമ്മെത്തന്നെ മറന്നു നടപ്പൂ

അലയാം... നമുക്കലയാം ഈ

അനുഭൂതിതൻ മൂകവിജനതയിൽ

തൊന്തരവ് എന്ന വാക്കൊക്കെ ഒരു പാട്ടിന്റെ പല്ലവിയിൽ ഉപയോഗിക്കുന്നത് വളരെ അപൂർവമാണ്.

എന്തൊരു തൊന്തരവ് - അയ്യയ്യോ

എന്തൊരു തൊന്തരവ്

ഒരു സുന്ദരിപ്പെണ്ണിനെ സ്വന്തമായ് കിട്ടാൻ

എന്തൊരു തൊന്തരവ്

വെളുത്ത പെണ്ണേ (നായരു പിടിച്ച പുലിവാല്) എന്ന പാട്ടിൽ കാമുകി തിരിച്ചു വിളിക്കുന്നത് കസർത്തുകാരാ കസർത്തുകാരാ എന്നാണ്. നായകൻ സർക്കസിലെ ട്രപ്പീസ് കളിക്കാരനാണ്.

പ്രണയബന്ധത്തിനിടെ

ഞാൻ വളർത്തിയ ഖൽബിലെ മോഹം

പോത്തുപോലെ വളർന്നല്ലോ - ഞാൻ

കാത്തുകാത്തു കുഴഞ്ഞല്ലോ

എന്ന് പാടുന്ന കാമുകൻ,

ഞാൻ പഠിച്ചൊരു സിനിമാപ്പാട്ടുകൾ പോലുമിന്നു മറന്നല്ലോ എന്ന് വിലപിക്കുന്ന കാമുകി, കടക്കണ്ണിൻ മുന കൊണ്ട് കത്തെഴുതി പോസ്റ്റ് ചെയ്യുന്ന കാമുകി ഒക്കെ ഭാസ്‌കരൻ മാഷുടെ പാട്ടുകളിലൂടെ നമ്മുടെ മനസ്സിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു.

1993ൽ ഇറങ്ങിയ ഭരതൻ ചിത്രം വെങ്കലത്തിലുള്ള പത്തുവെളുപ്പിന് എന്ന പാട്ടിൽ ഒരു വരി ഇങ്ങനെയാണ്. ചെക്കന്റെ മോറ് ചെന്താമര. വല്ലാത്ത ഒരു ധൈര്യം വേണം മോറ് എന്നൊക്കെ പാട്ടിലുപയോഗിക്കാൻ

കള്ളിച്ചെല്ലമ്മയിലെ അത്രതന്നെ പ്രസിദ്ധമല്ലാത്ത ഒരു പാട്ടുണ്ട്. ( അതിലെ കരിമുകിൽക്കാട്ടിലെ, മാനത്തെ കായലിൽ എന്നീ പാട്ടുകൾ വളരെ ജനപ്രിയമാണ്)

കാലമെന്ന കാരണവർക്ക് കേരളത്തിൽ സംബന്ധം

കേരളത്തിൽ സംബന്ധത്തിൽ കന്യകമാർ നാലാണ്.

എന്നിട്ട് ഓണക്കാലത്തെ വസന്തത്തെ ആവണിപ്പൂക്കൾ ചാർത്തി ആടിപ്പാടി നടക്കുന്ന കന്യകയായും മഞ്ഞുകാലത്തെ വൃശ്ചികത്തിൽ പിറന്നവളായും വേനലിനെ കുംഭത്തിലെ വേനൽ- ചെമ്പഴുക്കാ നിറമുള്ള തമ്പുരാട്ടി എന്നും മഴക്കാലത്തെ കവിളത്ത് കണ്ണീരുള്ള, കരിമുകിൽ മുടിയുള്ള കാലവർഷപ്പെണ്ണ് എന്നും അദ്ദേഹം വിശേഷിപ്പിക്കുന്നു. എന്തൊരു മനോഹരമായ ഭാവന!

കാർഷിക സംസ്‌കാരവുമായി ബന്ധപ്പെട്ട പാട്ടുകളുമുണ്ട് മാഷുടേതായി

വട്ടൻ വിളഞ്ഞിട്ടും വരിനെല്ലു ചാഞ്ഞിട്ടും, പുത്തരി കൊയ്തപ്പോൾ എന്തുകിട്ടി, മണ്ണെറിഞ്ഞാൽ പൊന്നു വിളയും, മാമ്പഴക്കൂട്ടത്തിൽ അങ്ങനെയങ്ങനെ. 'മാമ്പഴക്കൂട്ടത്തിൽ' ഹാസ്യഗാനമാണെങ്കിലും അതിൽ കേരളത്തനിമയുള്ള കരിവീട്ടി, പമ്പ, ഉപ്പുമാങ്ങ, കൈതപ്പുഴ, തൃശ്ശൂർപൂരം, പലകപ്പയ്യാനി ഒക്കെ വരുന്നുണ്ട്. ചൂടാത്ത നവരത്നമണിയോ മണിതംബുരുവോ കല്പകത്തരുവോ ആയിട്ടൊന്നുമല്ല അദ്ദേഹം കാമുകിയെ കാണുന്നത്. കേരളീയർക്ക് സുപരിചിതങ്ങളായ കരിവീട്ടി, പമ്പയാറ്, തൃശൂർ പൂരം തുടങ്ങിയ പെരുമയുള്ള ഏറ്റവും മുന്തിയ സംഗതികളുമായാണ് പ്രണയിനിയെ താരതമ്യപ്പെടുത്തിയിരിക്കുന്നത്.

വയറു നിറയണമെങ്കിൽ മണ്ണിലിറങ്ങി പണിയെടുക്കുകതന്നെ വേണമെന്ന് ചമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടിൽ എന്ന പാട്ടിലൂടെ പറയുന്നുണ്ട് രചയിതാവ്. ഭൂമിദേവിയെ മറന്നുകൊണ്ട് തങ്കസ്വപ്നശരങ്ങളാൽ തന്ത്രികൾ കെട്ടി രാവും പകലും വീണ വായിക്കുന്ന ആട്ടിടയൻ പശി കൊണ്ട് പാട്ട് നിറുത്തുകയാണ്. കലപ്പ കൊണ്ടുഴുത് വേർപ്പ് വിതച്ച് അവൻ മണ്ണിൻ മകനായി മാറുകയാണ്.

പി ഭാസ്‌കരൻ എന്ന കലാകാരന്റെ, നവോഥാനപ്രവർത്തകന്റെ സംഭാവനകൾ കേരളത്തെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്തതാണ്.


(സമകാലിക ജനപഥം മെയ് 2024)