ഡിജിറ്റല്‍ റീ സര്‍വെപുരോഗമിക്കുന്നു; 52587.2 ഹെക്ടര്‍ ഭൂമി അളന്നു

post

‘എല്ലാവര്‍ക്കുംഭൂമി,എല്ലാഭൂമിക്കുംരേഖ, എല്ലാസേവനങ്ങളുംസ്മാര്‍ട്ട്' ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ‘എന്റെ ഭൂമി' ഡിജിറ്റല്‍ ലാന്‍ഡ് സര്‍വെ പ്രവര്‍ത്തനങ്ങള്‍ കൊല്ലം ജില്ലയില്‍ അതിവേഗം പുരോഗമിക്കുന്നു. ജില്ലയില്‍ 43 വില്ലേജുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മങ്ങാട് വില്ലേജിലെ സര്‍വെ പൂര്‍ത്തിയാക്കി. ‘എന്റെ ഭൂമി' പോര്‍ട്ടല്‍വഴി ഭൂ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കി. റവന്യൂ, രജിസ്‌ട്രേഷന്‍, സര്‍വെ വകുപ്പുകള്‍ മുഖേനയുള്ള കരംഅടവ്, മെഷര്‍മെന്റ്‌സ്‌കെച്ച്, വസ്തുകൈമാറ്റം തുടങ്ങി എല്ലാ സേവനങ്ങളും ലഭിക്കും. ഡിജിറ്റല്‍സര്‍വെ പൂര്‍ത്തിയാക്കിയ ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്തെ രണ്ടാമത്തെയും വില്ലേജാണ് മങ്ങാട്.

സര്‍വെനടപടികള്‍ പൂര്‍ത്തിയാക്കിയ വില്ലേജുകളില്‍, ഭൂമിയുടെ അതിരുകളും അളവുകളും രേഖപ്പെടുത്തിയ ഡ്രാഫ്റ്റ്‌രേഖകള്‍ സെക്ഷന്‍ 9(2) പ്രകാരം പൊതുജനങ്ങളുടെ പരിശോധനയ്ക്കായി പ്രദര്‍ശിപ്പിക്കും. പരാതികളില്ലെങ്കില്‍ സെക്ഷന്‍ 13 പ്രകാരം അന്തിമവിജ്ഞാപനം പുറത്തിറക്കി നടപടി പൂര്‍ത്തിയാക്കും. ജില്ലയില്‍ ഇതുവരെ 52587.2 ഹെക്ടര്‍ ഭൂമിയിലാണ് ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയായത്. എല്ലാതാലൂക്കുകളിലുമായി 25 വില്ലേജുകളില്‍ 9(2) പ്രഖ്യാപ്പിച്ചു. ഏഴുവില്ലേജുകളില്‍ അന്തിമവിജ്ഞാപനത്തിനും സജ്ജമായി.

ജില്ലയില്‍ ഒന്നാംഘട്ടത്തില്‍ 12 വില്ലേജുകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കിളികൊല്ലൂര്‍, കുലശേഖരപുരം, കല്ലേലിഭാഗം, വിളക്കുടി, ഇടമണ്‍, വാളക്കോട്‌വില്ലേജുകളില്‍ അന്തിമവിജ്ഞാപനം പ്രസിദ്ധീകരിച്ചു.  തൊടിയൂര്‍, തലവൂര്‍, പത്തനാപുരം, പുനലൂര്‍, കൊറ്റങ്കര വില്ലേജുകളില്‍ അന്തിമ വിജ്ഞാപനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

ഡിജിറ്റല്‍ സര്‍വെയുടെ രണ്ടാംഘട്ടത്തില്‍ 18 വില്ലേജുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മീനാട് വില്ലേജില്‍ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാറായി. അറയ്ക്കല്‍, പള്ളിമണ്‍, പനയം, തൃക്കടവൂര്‍, തൃക്കരുവ, ഇരവിപുരം, തേവലക്കര, പ•ന, വടക്കുംതല, കരുനാഗപ്പള്ളി, നെടുവത്തൂര്‍, മൈനാഗപ്പള്ളി വില്ലേജുകളുടെ സര്‍വെജോലികള്‍ പൂര്‍ത്തീകരിച്ച് 9(2) പ്രസിദ്ധീകരിച്ചു. അഞ്ച് വില്ലേജുകളിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ട 13 വില്ലേജുകളില്‍ തൃക്കോവില്‍വട്ടം, മയ്യനാട്, ചിറക്കര, എഴുകോണ്‍, കൊട്ടാരക്കര, പൂയപ്പള്ളി, ചിതറ, കുന്നത്തൂര്‍, ആദിനാട്, ചവറ എന്നിവിടങ്ങളില്‍ സര്‍വെ നടപടികള്‍ തുടങ്ങി. പാവുമ്പ, ആയിരനല്ലൂര്‍, തിങ്കള്‍കരിക്കകം, ആര്യങ്കാവ് വില്ലേജുകളുടെ ഫീല്‍ഡ്‌ജോലികള്‍ ആരംഭിക്കാനുണ്ട്.

ഡിജിറ്റല്‍ റീ-സര്‍വെ പൂര്‍ത്തിയാകുന്നതോടെ ഭൂമിയുടെ ഉടമസ്ഥാവകാശരേഖകളിലും കൈമാറ്റനടപടികളിലും സുപ്രധാനമായമാറ്റങ്ങള്‍ ഉണ്ടാകും. ഭൂമിസംബന്ധമായതര്‍ക്കങ്ങള്‍ക്ക് ശാശ്വതപരിഹാരം, ഭൂസേവനങ്ങളുടെസംയോജനം, പ്രവര്‍ത്തനക്ഷമത കൈവരിക്കല്‍, ഡിജിറ്റലൈസേഷന്‍, മാപ്പ്അധിഷ്ഠിത പോക്ക്‌വരവ് സംവിധാനം, സുതാര്യത, കൃത്യമായസ്ഥാനനിര്‍ണയം, അതിര്‍ത്തിതര്‍ക്ക പരിഹാരം, നികുതിവരുമാനവര്‍ധനവ്, സര്‍ക്കാര്‍ഭൂമിയുടെസംരക്ഷണം, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വേഗത്തിലാക്കല്‍ തുടങ്ങി ഒട്ടേറെ നേട്ടങ്ങളാണ് കൈവരിക്കുക.

ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്കും ലൊക്കേഷന്‍ സ്‌കെച്ച്‌പോലുള്ളരേഖകള്‍ക്ക് ഫീല്‍ഡ്പരിശോധന ഒഴിവാക്കാനും സര്‍വെ ഉപകാരപ്പെടും. പൂര്‍ണമായും സോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമായാണ് സര്‍വെ നടപടികള്‍.

പ്രതിമാസം ജില്ലാഭരണകൂടം ഡിജിറ്റല്‍ സര്‍വെയുടെ പുരോഗതി വിലയിരുത്തുന്നുണ്ട്. സര്‍വെജോലികള്‍ ആരംഭിക്കുന്നവില്ലേജുകളില്‍ അവബോധം ലക്ഷ്യമാക്കി സര്‍വെ ജാഗ്രതാസമിതി ചേരുന്നുണ്ട്. എല്ലാവില്ലേജുകളിലും വാര്‍ഡ്തലത്തില്‍ ജനപ്രതിനിധികളുടെയും വൊളന്റിയര്‍മാരുടെയും സര്‍വെജീവനക്കാരുടെയും നേതൃത്വത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നു. സര്‍വെജോലികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പൊതുജനങ്ങള്‍ക്ക് റിക്കോര്‍ഡുകള്‍ പരിശോധിച്ച് ബോധ്യപ്പെടുന്നതിന് പ്രദര്‍ശനക്യാമ്പുകളും സംഘടിപ്പിക്കുന്നു.

പൊതുജനങ്ങള്‍ക്ക് 9(2) പ്രസിദ്ധീകരിച്ച അതത് വില്ലേജുകളിലെ റെക്കോര്‍ഡുകള്‍ ഡിജിറ്റല്‍ സര്‍വെ ക്യാമ്പ്ഓഫീസുകള്‍ വഴിയോ www.entebhoomi.kerala.gov.in വെബ്‌സൈറ്റ് വഴിയോ പരിശോധിക്കാനുള്ള സൗകര്യം നിലവിലുണ്ട്. കുറ്റമറ്റരീതിയിലുമാണ്ജില്ലയില്‍ ഡിജിറ്റല്‍സര്‍വെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതെന്ന് സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.