വേറിട്ട സംരംഭ മാതൃകകളുടെ ആശയങ്ങള്‍ നല്‍കി 'പുനര്‍ജീവനം 2.0' കാര്‍ഷിക ഉപജീവന ദ്വിദിന ശില്‍പ്പശാലയ്ക്ക് സമാപനം

post

കുടുംബശ്രീ കേന്ദ്ര കിഴങ്ങുവിള കേന്ദ്രം ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'പുനര്‍ജീവനം 2.0'- കാര്‍ഷിക ഉപജീവന ദ്വിദിന ശില്‍പശാല സമാപിച്ചു. ഇടുക്കി തൊടുപുഴ വെള്ളിയാമറ്റം സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് പാരിഷ് ഹാളിലായിരുന്നു തദ്ദേശീയ മേഖലയില്‍ നിന്നും തിരഞ്ഞെടുത്ത 120 വനിതാ കര്‍ഷകര്‍ക്കായി ശില്‍പ്പശാല നടത്തിയത്. കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും കൃഷിയിലും അനുബന്ധമേഖലകളിലും മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ സഹായകമാകുന്ന രീതിയിലായിരുന്നു രണ്ടു ദിവസത്തെ പരിശീലനം. ശില്‍പ്പശാലയുടെ രണ്ടാം ദിനമായ ഇന്നലെ (28) എണ്‍പത് കര്‍ഷകര്‍ക്ക് സസ്യാധിഷ്ഠിത ചെറുകിട മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രാദേശികമായി ലഭ്യമാകുന്ന ഔഷധ സുഗന്ധ സസ്യങ്ങളില്‍ നിന്നും പുല്‍ത്തൈലം, വിവിധ സുഗന്ധദ്രവ്യങ്ങള്‍, സോപ്പ് എന്നിവ നിര്‍മിക്കുന്നതില്‍ ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ സയന്റിസ്റ്റ് രമേഷ്‌കുമാര്‍ കെ.ബി പരിശീലനം നല്‍കി. 'ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന സേവനങ്ങളും പരിശീലനങ്ങളും-ആമുഖം' എന്ന വിഷയത്തില്‍ ഡയറക്ടര്‍ ഡോ.അരുണാചലം ക്‌ളാസ്  നയിച്ചു.

തദ്ദേശീയ മേഖലയിലെ വനിതാ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും മികച്ച ഉപജീവന സാധ്യതകള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ശില്‍പ്പശാലയുടെ ആദ്യദിനം മധുരക്കിഴങ്ങ് ഇനങ്ങളുടെ കൃഷിയും മധുരക്കിഴങ്ങില്‍ നിന്നും ചെറുധാന്യങ്ങളില്‍ നിന്നുമുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണം, വിള പരിപാലനം, ജൈവ ഫെര്‍ട്ടിഗേഷന്‍ എന്നിവയില്‍ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിദഗ്ധ പരിശീലനം നല്‍കിയിരുന്നു.

കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ഷാനവാസ്, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍  ജി ഷിബു ,സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ രമ്യ രാജപ്പന്‍ എന്നിവര്‍ ദ്വിദിന ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കി.

 പുനര്‍ജീവനം 2.0: കര്‍ഷകര്‍ക്ക് കൈ നിറയെ കാര്‍ഷിക പിന്തുണ

പുനര്‍ജീവനം 2.0 കാര്‍ഷിക ഉപജീവന പരിശീലന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാലയില്‍ പങ്കെടുത്ത കര്‍ഷകര്‍ക്ക്  വിവിധ കാര്‍ഷിക ഉപകരണങ്ങളും നടീല്‍ വസ്തുക്കളും വളവും ഉള്‍പ്പെടെ  കൈ നിറയെ കാര്‍ഷിക പിന്തുണ. കുടുംബശ്രീയും കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ് നടീല്‍ വസ്തുക്കളായ മധുരക്കിഴങ്ങ് വള്ളി, കപ്പക്കമ്പ്, ഫെറോമോണ്‍ കെണി, ഹോസ്, ഓര്‍ഡിനറി കട്ടര്‍, ലേയ്‌സ് കട്ടര്‍, റിബണ്‍ കട്ടര്‍, സ്റ്റിക്കര്‍ കട്ടര്‍, വേവി റിബണ്‍ കട്ടര്‍, ക്രോ ബാര്‍, സ്‌പ്രേയര്‍, ട്രൈക്കോഡെര്‍മ, ഐ.ഐ.എച്ച്.ആര്‍ പച്ചക്കറി കിറ്റ് എന്നിവ ഉള്‍പ്പെടെ  കര്‍ഷകര്‍ക്ക് സൗജന്യമായി ലഭിച്ചത്. ഇവയ്ക്ക്  ഇരുപത്തി അയ്യായിരത്തോളം രൂപ വില വരും.ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് പുനര്‍ജീവനം 2.0 രണ്ടാം ഘട്ട പദ്ധതി നടപ്പാക്കുന്നത്.