കുടുംബശ്രീ 'പുനര്‍ജീവനം 2.0 ' : രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇടുക്കിയില്‍ തുടക്കം

post

ആദ്യഘട്ടം അട്ടപ്പാടിയില്‍ വിജയം

പദ്ധതിയുടെ രണ്ടാംഘട്ടം ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍

തിരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് വര്‍ഷം മുഴുവന്‍ തുടര്‍പരിശീലനങ്ങളും പിന്തുണയും


കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന 'പുനര്‍ജീവനം ' കാര്‍ഷിക പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇടുക്കി ജില്ലയില്‍ തുടക്കമായി. വെള്ളിയാമറ്റം സെന്റ് സെബാസ്റ്റ്യന്‍സ് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെയും ഇതിന്റെ ഭാഗമായുള്ള കാര്‍ഷിക സംരംഭകത്വ വികസന പരിശീലന ശില്‍പശാലയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ നിര്‍വഹിച്ചു. ഇടുക്കിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയുന്ന പദ്ധതിയാണ് പുനര്‍ജീവനമെന്നും ഗുണഭോക്താക്കളായ കര്‍ഷകവനിതകള്‍ക്ക് വരുമാനം ലഭ്യമാക്കുന്നതിനൊപ്പം കാര്‍ഷിക സംസ്‌കാരം വീണ്ടെടുക്കാനും പദ്ധതി സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹന്‍ദാസ് പുതുശ്ശേരി അധ്യക്ഷത വഹിച്ചു. 

 ആരോഗ്യകരമായ ജീവിതത്തിനാവശ്യമായ മൈക്രോ ന്യൂട്രീയന്റുകളും ആന്റിഓക്സിഡന്റുകളും ഫൈബറുകളും അടങ്ങിയിട്ടുള്ള പോഷകസമ്പുഷ്ടമായ ഭക്ഷ്യവിഭവമാണ് മധുരക്കിഴങ്ങെന്നും കര്‍ഷകര്‍ക്ക് ഇടവിളയായി ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച വിളയാണിതെന്നും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍-കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.ജി.ബൈജു മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. പുനര്‍ജീവനം 2.0 പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ലോഗോ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. ശാസ്ത്രഗവേഷകര്‍ കണ്ടെത്തുന്ന അറിവുകള്‍ പ്രയോജനപ്പെടുത്തി സാധാരണക്കാരായ വനിതകള്‍ക്ക് മികച്ച ഉപജീവന മാര്‍ഗമൊരുക്കാന്‍ കുടുംബശ്രീയും കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രവും സംയുക്തമായി നടപ്പാക്കുന്ന കാര്‍ഷികപദ്ധതി സമൂഹത്തിന് ഏറെ പ്രയോജനകരമാകുമെന്ന് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. അരുണാചലം പറഞ്ഞു.


 വെള്ളിയാമറ്റം സി.ഡി.എസില്‍ തദ്ദേശീയവിഭാഗത്തില്‍ നിന്നും തിരഞ്ഞെടുത്ത പദ്ധതി ഗുണഭോക്താക്കളായ 40 വനിതാ കര്‍ഷകര്‍ക്ക് മധുരക്കിഴങ്ങ് കൃഷി ചെയ്യുന്നതിനാവശ്യമായ നടീല്‍ വസ്തുക്കള്‍, ജൈവ വളങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍ എന്നിവ ചടങ്ങില്‍ വിതരണം ചെയ്തു.

 സമ്പുഷ്ടീകരിച്ച മധുരക്കിഴങ്ങിന്റെ കൃഷി വ്യാപിപ്പിക്കുന്നതിനൊപ്പം മധുരക്കിഴങ്ങിന്റെ മൂല്യവര്‍ധനവിലൂടെ തദ്ദേശീയ മേഖലയിലെ വനിതാ കര്‍ഷകര്‍ക്ക് മികച്ച വരുമാനം നേടിക്കൊടുക്കുന്നതിനായി കുടുംബശ്രീ ആവിഷ്‌ക്കരിച്ചു കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിന്റെ പട്ടികവര്‍ഗ ഉപപദ്ധതിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷം അട്ടപ്പാടിയില്‍ നടത്തിയ ആദ്യഘട്ട പ്രവര്‍ത്തനങ്ങളില്‍ കര്‍ഷകര്‍ക്ക് മികച്ച വരുമാനലഭ്യത ഉറപ്പു വരുത്താന്‍ കഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നത്. ഇതിന്റെ ഭാഗമായി ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഈ വര്‍ഷം പദ്ധതി നടപ്പാക്കും.


 പരിപാടിയില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍ സ്വാഗതം ആശംസിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ഷാനവാസ് പദ്ധതി വിശദീകരിച്ചു. മികച്ച വരുമാനദായകവിളയായ സമ്പൂഷ്ടീകരിച്ച മധുരക്കിഴങ്ങ് ഇനങ്ങളും അവയുടെകൃഷി രീതിയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളും ശില്‍പശാലയില്‍ പരിചയപ്പെടുത്തി. 'കിഴങ്ങുവര്‍ഗ വിളകളുടെ കൃഷിയും പരിപാലനരീതിയും', 'മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണ പരിശീലനം,' 'ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന സേവനങ്ങളും പരിശീലനങ്ങളും-ആമുഖം' എന്നീ വിഷയങ്ങളില്‍ യഥാക്രമം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എം.എസ് സജീവ്, ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സയന്റിസ്റ്റ് ഡോ. രമേഷ് കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത വിവിധ കിഴങ്ങുവിളകള്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, പാലോട് കെ.എസ്.സി.എസ്.ടി.ഇ -ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ വികസിപ്പിച്ചെടുത്ത ഉല്‍പന്നങ്ങള്‍, അട്ടപ്പാടിയിലെ കര്‍ഷകരുടെയും തൊടുപുഴ സമസ്ത കുടുംബശ്രീ യൂണിറ്റിന്റെയും വിവിധ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും ശില്‍പശാലയോടനുബന്ധിച്ച് സംഘടിപ്പിച്ചു.

പൂമാല ബ്ളോക്ക് പഞ്ചായത്ത് അംഗം കെ.എസ് ജോണ്‍, ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷന്‍ രാജു കുട്ടപ്പന്‍, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജി.ഷിബു വെള്ളിയാമറ്റം സി.ഡി.എസ് അധ്യക്ഷ രേഷ്മ സി.രവി, മെമ്പര്‍ സെക്രട്ടറി സ്മിത മോള്‍ കെ.ജി, കുടുംബശ്രീ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.അഞ്ചല്‍ കൃഷ്ണകുമാര്‍, കൃഷി ഓഫീസര്‍ നിമിഷ അഗസ്റ്റിന്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ലിജി കെ.ടി, സി.ഡി.എസ് ഉപാധ്യക്ഷ ഗ്രീഷ്മ പി.ജി., വെള്ളിയാമറ്റം സി.ഡി.എസിലെ തദ്ദേശീയ വിഭാഗത്തില്‍ നിന്നുള്ള കര്‍ഷകര്‍, അനിമേറ്റര്‍മാര്‍, സി.ഡി.എസ് അംഗങ്ങള്‍, കുടുംബശ്രീ സംസ്ഥാന ജില്ലാമിഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.