നരിയമ്പാറ കൽത്തൊട്ടി വെള്ളിലാങ്കണ്ടം റോഡ് നിർമ്മാണ ഉദ്ഘാടനം നടത്തി

post

പശ്ചാത്തല സൗകര്യങ്ങളുടെ ഹബ്ബായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ വൈവിധ്യമാർന്ന പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നരിയമ്പാറ കൽത്തൊട്ടി വെള്ളിലാങ്കണ്ടം റോഡ് നവീകരണ പ്രവൃത്തിയുടെ നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ പൊതുചിത്രം ഗുണപരമായി മാറ്റുന്നതിൽ പശ്ചാത്തല വികസനം വഴി സാധ്യമാകുന്നു എന്ന് പറയാം. മികച്ച റോഡുകളും പാലങ്ങളും നാടിന്റെ മുഖച്ഛായ മാറ്റുന്ന തരത്തിൽ മാറിക്കഴിഞ്ഞു. ഒമ്പത് വർഷം മുമ്പുള്ള കേരളം അല്ല ഇന്നത്തെ കേരളം.വലിയ മുന്നേറ്റം പശ്ചാത്തല വികസന മേഖലയിൽ ആകെ സൃഷ്ടിക്കാനായി. നമ്മുടെ ഗ്രാമീണ മേഖലയിൽ അടക്കം മികച്ച റോഡുകൾ സാധ്യമായി. ബിഎം ആൻ്റ് ബിസി നിലവാരത്തിലുള്ള റോഡുകൾ സാധ്യമാക്കി.

ദേശീയപാത, മലയോരപാത, തീരദേശപാത എന്നീ പ്രധാന പദ്ധതികളിലൂടെ കേരളത്തിന്റെ പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്തുവാൻ സാധിച്ചു. സർക്കാരിന്റെ ഇച്ഛാശക്തിയിലാണ് ഈ മൂന്ന് പദ്ധതികളും സാധ്യമാകുന്നത്. കേരളത്തെ സാമ്പത്തികമായി ഇല്ലാതാക്കുവാൻ ശ്രമം നടന്നപ്പോഴും അതിനെ ആകെ മറികടന്ന് വികസന പദ്ധതികൾ ഏറ്റവും നന്നായി മുന്നോട്ട് കൊണ്ടുപോകാനായി. പൊതുമരാമത്ത് വകുപ്പിന്റെ 50 ശതമാനത്തിലധികം റോഡുകൾ ഇന്ന് ബിഎം ആൻ്ബിസി ആയി മാറി. അഞ്ചുവർഷം കൊണ്ട് 30000 കിലോമീറ്റർ റോഡുകളിൽ 50 ശതമാനം 15000 കിലോമീറ്റർ ബിഎം ആൻ്റ്ബിസി ആക്കും എന്നാണ് ജനങ്ങളോട് പറഞ്ഞത്. ഇന്ന് 60 ശതമാനം റോഡുകൾ ബിഎം ആൻ്റ് ബിസി ആക്കാനായി. 17000ത്തോളം കിലോമീറ്റർ റോഡുകൾ ബിഎം ആൻ്റ് ബിസി ആണ്.

റോഡ് നിർമ്മാണ മേഖലയിൽ നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ജംഗ്ഷൻ വികസനം, ബൈപ്പാസ് നിർമ്മാണം, ഫ്ലൈഓവർ തുടങ്ങിയവയിലൂടെ നഗരമേഖലകളിലെ തിരക്ക് കുറയ്ക്കുവാൻ സാധിച്ചു. തടസ്സമില്ലാത്ത റോഡ് ശൃംഖല എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ലെവൽ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയിൽ ഒമ്പത് റെയിൽവേ ഓവർ ബ്രിഡജുകൾ പൂർത്തിയാക്കി.

നിർമ്മാണ പ്രവർത്തനങ്ങളിൽ മാത്രമല്ല പരിപാലനത്തിനും പ്രത്യേക ശ്രദ്ധ നൽകി. റോഡ് പരിപാലനത്തിനായി റണ്ണിംഗ് കോൺട്രാക്ട് എന്ന പദ്ധതിക്ക് വകുപ്പ് രൂപം നൽകി. 20000ത്തോളം കിലോമീറ്റർ റോഡ് ഇന്ന് റണ്ണിംഗ് കോൺട്രാക്ട് വഴി പരിപാലിക്കപ്പെടുന്നു. നരിയമ്പാറ കൽത്തൊട്ടി വെള്ളിലാങ്കണ്ടം റോഡ് നവീകരണം

ടൂറിസം മേഖലയ്ക്ക് കൂടി ഗുണകരമാകുന്ന ഒരു പദ്ധതി കൂടിയാണ്. ഇടുക്കി നിയോജകമണ്ഡലത്തിന്റെ വികസനത്തിന് പശ്ചാത്തല വികസന മേഖലയുടെ പുരോഗതി വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇനിയും ആ പിന്തുണ പൊതുമരാമത്ത് ടൂറിസം വകുപ്പുകൾ തുടരുമെന്നും മന്ത്രി റിയാസ് പറഞ്ഞു.

10 കോടി 60 ലക്ഷം രൂപ ചെലവഴിച്ച് ബി എം ആൻ്റ് ബിസി നിലവാരത്തിലാണ് കാഞ്ചിയാർ പഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ കടന്നു പോകുന്ന നരിയമ്പാറ കൽത്തൊട്ടി വെള്ളിലാംകണ്ടം റോഡ് നവീകരിക്കുന്നതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. നാടിൻ്റെ മുഖച്ഛായ മാറുകയാണെന്നും ഭാവി തലമുറയും ജനങ്ങളും ആഗ്രഹിക്കുന്ന അടിസ്ഥാന ഭൗതിക സാഹചര്യങ്ങളുടെ വളർച്ചയാണ് ഇത് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരള സർക്കാരിൻ്റെ ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന ലബ്ബക്കട- കൽത്തൊട്ടി റോഡ്, കൽത്തൊട്ടി- വെങ്ങാലൂർക്കട കോളനി റോഡ്, വെള്ളിലാംകണ്ടം- കിഴക്കേ മാട്ടുക്കട്ട റോഡ് എന്നിവയുടെ ശിലാസ്ഥാപന അനാച്ഛാദനവും ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറനാം കുന്നേൽ, കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട്, വൈസ് പ്രസിഡൻ്റ് വിജയകുമാരി ജയകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മധുക്കുട്ടൻ, ജോമോൻ തെക്കേൽ, സാമൂഹ്യ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.