അടിപ്പാലം ഓണപ്പറമ്പ ചുടലമുക്ക് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കണ്ണൂർ ഏഴോം ഗ്രാമപഞ്ചായത്തിലെ അടിപ്പാലം ഓണപ്പറമ്പ ചുടലമുക്ക് റോഡ് പ്രവൃത്തി എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഏഴോം ഗ്രാമപഞ്ചായത്തിനെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് അടിപ്പാലം ഓണപ്പറമ്പ ചുടലമുക്ക് റോഡ്. ഒരു കിലോമീറ്റർ നീളത്തിലുള്ള റോഡിൽ 3.80 മീറ്റർ വീതിയിൽ ടാറിംഗ് പ്രവൃത്തിയും സൈഡ് കോൺഗ്രീറ്റുമാണ് ഉൾപെടുത്തിയിട്ടുള്ളത്. റോഡ് നിർമ്മാണത്തിനായി 50 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതോടൊപ്പം എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ അധ്യക്ഷനായി. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ താഹിറ റിപ്പോർട്ട് അവതരിപ്പിച്ചു. ഏഴോം പഞ്ചായത്ത് അംഗം കെ നിർമ്മല, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ മനോഹരൻ, മുൻ ബ്ലോക്ക് അംഗം കെ ചന്ദ്രൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇ.ടി വേണുഗോപാൽ, മുസ്തഫ മാസ്റ്റർ, എം അബ്‌ദുള്ള എന്നിവർ പങ്കെടുത്തു.