കൊല്ലം ജില്ലാ കലക്ട്രേറ്റിലെ ചുവര്‍ ചിത്രകലാസമര്‍പണം നിർവഹിച്ചു

post

സര്‍ക്കാര്‍ കാര്യാലയങ്ങള്‍ കൂടുതല്‍ ജനസൗഹൃദമാകുന്നു: മന്ത്രി കെ.എന്‍ ബാലഗോപാല്‍

സര്‍ക്കാര്‍ ഓഫീസുകളുടെ സൗന്ദര്യവത്കരണ പദ്ധതിപ്രകാരം മുഖംമിനുക്കിയ ജില്ലാ കലക്ട്രേറ്റിലെ ചുവര്‍ ചിത്രകലാസമര്‍പണം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിർവഹിച്ചു.

കൂടുതല്‍ ജനകീയമാകുന്ന നിലയിലേക്ക് സര്‍ക്കാര്‍ കാര്യാലയങ്ങളുടെ മുഖഛായയും പ്രതിച്ഛായയും മാറിവരുകയാണെന്ന് മന്ത്രി പറഞ്ഞു .

ജനസേവനത്തിലെ മാറ്റംതിരിച്ചറിയാനാകുന്നരീതിയിലേക്ക് വളരുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. ഭിന്നശേഷി സൗഹാര്‍ദമായ സംവിധാനങ്ങളില്‍ തുടങ്ങി കാലികമായ ആവശ്യകതകളും ചേര്‍ന്നനിലയിലാണ് കാര്യാലയങ്ങള്‍. കുണ്ടറ വിളംബരം, കടയ്ക്കല്‍ വിപ്ലവം തുടങ്ങി നാടിന്റെ ചരിത്രമാണ് ചിത്രങ്ങളായി മാറി കലക്ട്രേറ്റിന്റെ സൗന്ദര്യവത്കരണമികവായത്. ചരിത്രം സംരക്ഷിക്കപ്പെടണമെന്ന് ഓര്‍മിപ്പിക്കുംവിധമാണ് ആലേഖനം. മാര്‍ച്ച് മാസത്തോടെ ജില്ലാ കോടതി സമുച്ചയം നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ കലക്ടറേറ്റില്‍ കൂടുതല്‍ സ്ഥലസൗകര്യങ്ങള്‍ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. ചുവര്‍ ചിത്രകല ഒരുക്കിയ കേരള ലളിതകലാ അക്കാഡമി പുരസ്‌കാര ജേതാവായ ആശ്രാമം സന്തോഷിനെ മന്ത്രി ആദരിച്ചു.

ഐ.എസ്.ഒ നിലവാരത്തിലേക്ക് സേവനങ്ങള്‍ ഉയര്‍ത്തുന്നതിന്റെ ഭാഗമായി മൂന്ന് നിലകളിലേയും ചുവരുകളിലാണ് നിറക്കൂട്ടുകള്‍ ഒരുങ്ങിയത്. ചവറ ഐ.ആര്‍.ഇയുടെ സാമൂഹിക സുരക്ഷാനിധിയുടെ പിന്തുണയോടെയാണ് പ്രവര്‍ത്തനങ്ങള്‍സാധ്യമാക്കിയത്.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ എം. മുകേഷ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, എ.ഡി.എം ജി. നിര്‍മല്‍കുമാര്‍, ചവറ ഐ.ആര്‍.ഇ.എല്‍ ജനറല്‍മാനേജര്‍-ഹെഡ് എന്‍.എസ്. അജിത് തുടങ്ങിയവര്‍ പങ്കെടുത്തു.