വികസന സാക്ഷ്യങ്ങള്‍ അവതരിപ്പിച്ച് തഴവ വികസനസദസ്

നവകേരളം സൃഷ്ടിക്കുന്നതിന് നാളിതുവരെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് ശ്രദ്ധേയമായി കൊല്ലം തഴവ വികസനസദസ്. തഴവ ഗേള്‍സ് എച്ച്.എസ്.എസില്‍ സംഘടിപ്പിച്ച പരിപാടി കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെട്ടുറപ്പുള്ള സംവിധാനങ്ങളൊരുക്കി രാജ്യത്ത് ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭ തിരഞ്ഞെടുത്ത ഇന്ത്യയിലെ ആദ്യത്തെ ജില്ലാശുപത്രിയാണ് കൊല്ലം ജില്ലാ ആശുപത്രി. സര്‍ക്കാര്‍ എല്ലാ മേഖലകളിലും വികസനം സാധ്യമാക്കി. നൂതന ആശയങ്ങളും പ്രവര്‍ത്തനങ്ങളും തഴവ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് മികവോടെ നടപ്പിലാക്കി വരുന്നു. ലൈഫ് പദ്ധതി പ്രകാരം 945 കുടുംബങ്ങള്‍ക്കും ഭൂരഹിത-ഭവനരഹിത പദ്ധതി പ്രകാരം 122 കുടുംബങ്ങള്‍ക്കും വീട് വച്ച് നല്‍കിയതില്‍ തുടങ്ങി വിവിധ പദ്ധതികളിലൂടെ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച് ജനകീയ പഞ്ചായത്തായി മാറിയിരിക്കുകയാണ് തഴവ പഞ്ചായത്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. സദാശിവന്‍ അധ്യക്ഷനായി. സെക്രട്ടറി എം.റുബീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.അമ്പിളികുട്ടന്‍ മോഡറേറ്ററായ ഓപ്പണ്‍ ഫോറത്തില്‍ ഭാവി വികസന കാഴ്ചപ്പാടുകളും, നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചു. വിജ്ഞാനകേരളം തൊഴില്‍ മേള-ജോബ് സ്റ്റേഷന്‍, കെ-സ്മാര്‍ട്ട് ക്ലിനിക്, മെഡിക്കല്‍ ക്യാമ്പ്, ഹരിതകര്‍മ്മസേനയുടെ ഹരിത ഉത്പന്ന പ്രദര്‍ശനം, പുരസ്‌ക്കാര പ്രദര്‍ശനം, ആദരിക്കല്‍ എന്നിവയും അനുബന്ധമായി നടന്നു. തഴപ്പാമുത്തശ്ശി ശങ്കരിയമ്മ, മുന്‍ പ്രസിഡന്റുമാര്‍, മുന്‍ ജനപ്രതിനിധികള്‍, ഭവന നിര്‍മാണത്തിന് വസ്തു നല്‍കിയ വ്യക്തികള്‍, അംഗന്‍വാടിക്ക് സ്ഥലം നല്‍കിയ വ്യക്തികള്‍, ഹരിതകര്‍മസേനാംഗങ്ങള്‍ എന്നിവരെ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് ചെയര്‍പേഴ്‌സണ്‍ അനില്‍.എസ്.കല്ലേലിഭാഗം, ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷണ്‍മുഖന്‍, തഴവ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ഷൈലജ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മധു മാവേലില്‍, എസ്.ശ്രീലത, അഡ്വ. സുധീര്‍ കാരിക്കല്‍, അസിസ്റ്റന്റ് സെക്രട്ടറി എം.സലീം, സ്ഥിരം സമിതി അധ്യക്ഷര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.