കോഴിക്കോട് ജില്ലാ ക്ഷീര സംഗമം ഉദ്ഘാടനം ചെയ്തു

post

പാല്‍ ഉല്‍പ്പാദനത്തില്‍ കേരളം ലക്ഷ്യമിടുന്നത് പഞ്ചാബിനൊപ്പമെത്താന്‍ :മന്ത്രി ചിഞ്ചുറാണി

ക്ഷീര കര്‍ഷകരുടെ പലിശ വിഹിതം സര്‍ക്കാര്‍ അടക്കുന്ന പദ്ധതി നടപ്പാക്കും

കോഴിക്കോട് മേപ്പയ്യൂര്‍ ടി കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ജില്ലാ ക്ഷീര സംഗമം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു .പാല്‍ ഉല്‍പ്പാദനക്ഷമതയില്‍ രാജ്യത്ത് പഞ്ചാബിനൊപ്പമെത്താനാണ് കേരളം ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു .

ക്ഷീരകര്‍ഷകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ഡിജിറ്റല്‍വത്കരണത്തിന്റെ ഭാഗമായി വെറ്ററിനറി രംഗത്ത് ഇ-സംവിധാനത്തിന് രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ബാങ്ക് വായ്പയില്‍ പത്ത് പശുക്കളെ വരെ വാങ്ങുന്ന ക്ഷീര കര്‍ഷകരുടെ പലിശ വിഹിതം സര്‍ക്കാര്‍ അടക്കുന്ന പദ്ധതി നടപ്പാക്കും. ഈയിനത്തില്‍ ഒരു കര്‍ഷകന്റെ മൂന്നു ലക്ഷം രൂപ വരെയുള്ള പലിശ സര്‍ക്കാര്‍ അടക്കും. ലക്ഷക്കണക്കിന് ക്ഷീര കര്‍ഷകര്‍ക്ക് പെന്‍ഷന്‍, ക്ഷീര കര്‍ഷകരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി. മില്‍മയിലെ തസ്തികകളില്‍ ക്ഷീര കര്‍ഷകരുടെ മക്കളെ പരിഗണിക്കാന്‍ ഉത്തരവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പാല്‍ ഉല്‍പ്പാദനത്തില്‍ കേരളത്തിലെ മൂന്ന് മേഖല പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ലാഭം ലഭിച്ചത് മലബാര്‍ മേഖലയില്‍നിന്നാണെന്നും ആ ലാഭത്തിന്റെ 85 ശതമാനം ക്ഷീര സംഘങ്ങള്‍ വഴി ആനുകൂല്യമായി നല്‍കുകയാണ് ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്‍ അധ്യക്ഷനായി. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രന്നസ, കേരള കോ-ഓപറേറ്റിവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എസ് മണി, ഡയറക്ടര്‍ പി ശ്രീനിവാസന്‍, കൊഴുക്കല്ലൂര്‍ ക്ഷീര സംഘം പ്രസിഡന്റ് കെ കെ അനിത, ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ രശ്മി, ക്ഷീര കര്‍ഷക പ്രതിനിധികള്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   

ക്ഷീരസംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, ഗോസുരക്ഷാ ക്യാമ്പ്, ഡെയറി എക്സ്പോ, സഹകരണ ശില്‍പശാല, ആത്മ കിസാന്‍ ഗോഷ്ഠി, വ്യക്തിത്വ വികസന ക്ലാസ്, ക്ഷീര കര്‍ഷക സെമിനാര്‍, ഡെയറി ക്വിസ്, കലാസന്ധ്യ, നാട്ടിലെ ശാസ്ത്രം, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, സൗജന്യ മെഡിക്കല്‍ ക്യാമ്പ് എന്നിവയും സംഘടിപ്പിച്ചു.