ജില്ലാതല ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനവും നിശാഗന്ധി മാഗസിന്‍ പ്രകാശനവും നടത്തി

മികച്ച സേവനങ്ങളെ അടിസ്ഥാനമാക്കി കുടുംബശ്രീ സിഡിഎസുകള്‍ക്കുള്ള ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്റെ കണ്ണൂർ ജില്ലാതല പ്രഖ്യാപനവും നിശാഗന്ധി മാഗസിന്‍ മൂന്നാം പതിപ്പിന്റെ പ്രകാശനവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി നിര്‍വഹിച്ചു. ജില്ലയില്‍ 55 സിഡിഎസുകള്‍ക്കാണ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. കണ്ണൂര്‍ ശിക്ഷക് സദനില്‍ നടന്ന പരിപാടിയില്‍ ഓണം വിപണന മേള, ഓണ ശ്രീ എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവച്ച സി ഡി എസുകളെ ആദരിച്ചു.
അയല്‍ക്കൂട്ടം പ്രവര്‍ത്തകരുടെ കവിതകള്‍, ലേഖനങ്ങള്‍, ചെറു കഥകള്‍, സിനിമ നിരൂപണം, രാഷ്ട്രീയ അഭിപ്രായങ്ങള്‍, കുടുംബശ്രീ നേട്ടങ്ങള്‍, ചിത്ര രചനകള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവ അടങ്ങിയതാണ് മാഗസിന്‍. മാഗസിനിന്റെ മുഖചിത്രം വരച്ച് ഡിസൈന്‍ ചെയ്യുന്നത് വരെയുള്ള പ്രവൃത്തികള്‍ ചെയ്യുന്നത് കുടുംബശ്രീ പ്രവര്‍ത്തകരാണ്. ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ രചനകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന രചനകള്‍ക്ക് വര്‍ഷത്തില്‍ പുരസ്‌കാരങ്ങളും നല്‍കി വരുന്നുണ്ട്. കുടുംബശ്രീ അയല്‍ക്കൂട്ടം പ്രവര്‍ത്തകരുടെ സര്‍ഗ്ഗാത്മക രചനകളെ പ്രോത്സാഹിപ്പിക്കുന്നതിനും രചനകള്‍ ആസ്വാദകരിലേക്ക് എത്തിക്കുന്നതിനുമായി കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മൂന്ന് മാസം കൂടുമ്പോളാണ് നിശാഗന്ധി മാഗസിന്‍ പുറത്തിറക്കുന്നത്. മാഗസിനിന്റെ ഓണ്‍ലൈന്‍ പതിപ്പും പുറത്തിറക്കും.
ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി മുകുന്ദന്‍, ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരന്‍, കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി.കെ അന്‍വര്‍, ഐ എസ് ഒ മാനേജര്‍ എം.പി പ്രീതി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം.വി ജയന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി.ഒ ദീപ, കെ വിജിത്, കണ്ണൂര്‍ കോര്‍പ്പറേഷന്‍ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വി ജ്യോതിലക്ഷ്മി, നിശാഗന്ധി ചീഫ് എഡിറ്റര്‍ എം.എം അനിത, ഡി പി എം ജിബിന്‍ സ്‌കറിയ എന്നിവര്‍ പങ്കെടുത്തു.