ഗോത്രവനിതകള്‍ക്ക് ഉല്ലാസ യാത്രയൊരുക്കി ഡി ടി പി സി

കാടിനെ തൊട്ടറിഞ്ഞ ഗോത്ര വനിതകള്‍ക്കും കുട്ടികള്‍ക്കുമായി ഉല്ലാസ യാത്രയൊരുക്കി കണ്ണൂർ ഡി ടി പി സി. നാടിന്റെ മനോഹാരിതയും പ്രകൃതിയുടെ ആസ്വാദനവും അറിവിന്റെ പുതുലോകവും തുറന്നുനല്‍കുന്നതായിരുന്നു ഉല്ലാസ യാത്ര. കേരള മഹിള സമഖ്യയുടെ സഹകരണത്തോടെ ഇരിട്ടി ജബ്ബാര്‍ക്കടവ് കൂളിപ്പാറ, ആക്കപ്പറമ്പ്, പുന്നാട് മഠംപറമ്പ്, ചാവശ്ശേരി ടൗണ്‍ഷിപ്പ് എന്നീ ഉന്നതികളില്‍ നിന്നുള്ള മഹിള സമഖ്യ ഗോത്ര വനിതാസഭ കൂട്ടായ്മയിലെ അംഗങ്ങള്‍ക്കാണ് ഏകദിന ഉല്ലാസയാത്ര ഒരുക്കിയത്.
പറശ്ശിനിക്കടവ്, സ്നേക് പാര്‍ക്ക്, സെന്റ് അഞ്ചലോസ് കോട്ട, ലൈറ്റ് ഹൗസ്, ലൈറ്റ് ഹൗസ് മ്യൂസിയം, അറക്കല്‍ കെട്ട് മ്യൂസിയം, പയ്യാമ്പലം സീ പാത്ത് വേ എന്നിവ സന്ദര്‍ശിച്ച സംഘം പയ്യാമ്പലം ബീച്ചിലെ സുന്ദര തീരം കണ്ടാണ് മടങ്ങിയത്. തുടര്‍ന്ന് ഇവര്‍ക്കായി ജില്ലാ കലക്ടറുടെ ക്യാമ്പ് ഓഫീസില്‍ സ്വീകരണവുമൊരുക്കി.