ആറളം ഫാമില്‍ ഒരു വീട്ടില്‍ ഒരു സംരംഭം പദ്ധതിക്ക് തുടക്കമായി

post

കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെയും ആറളം കുടുംബശ്രീ പട്ടികവര്‍ഗ പ്രത്യേക പദ്ധതി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ആറളം ഫാമില്‍ ആരംഭിച്ച ഒരു വീട്ടില്‍ ഒരു സംരംഭം പദ്ധതി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ഉപജീവന പദ്ധതികളുടെ വിതരണവും ഇതോടൊപ്പം നടന്നു. ഉപജീവന പദ്ധതികള്‍ക്കായി 25 ലക്ഷം രൂപ ചെലവില്‍ നാല് കിയോസ്‌ക്കുകള്‍, ഒന്‍പത് സംരംഭകര്‍ക്ക് തയ്യില്‍ മെഷീന്‍, 26 സംരംഭകര്‍ക്ക് നാല് വീതം ആടുകള്‍, 30 സംരംഭകര്‍ക്ക് പോത്ത് കുട്ടി, 20 സംരംഭകര്‍ക്ക് കോഴിയും കൂടും എന്നിവയാണ് നല്‍കിയത്. 

ആറളം ഫാമിലെ ആറ് ബ്ലോക്കുകളിലെയും മുഴുവന്‍ വീടുകളിലും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു സംരംഭം എന്ന രീതിയില്‍ ആരംഭിക്കാനാണ് പദ്ധതിയുടെ ലക്ഷ്യം. കാര്‍ഷിക മേഖല, സ്വയം തൊഴില്‍, ചെറു സംരംഭങ്ങള്‍, തേന്‍ കൃഷി, കേരള ചിക്കന്‍ ഫാം, പുല്‍ തൈലം യൂണിറ്റ്, കുട നിര്‍മാണ യൂണിറ്റ്, പുസ്തക നിര്‍മാണ യൂണിറ്റ്, വളം നിര്‍മാണം, വിത്തുല്‍പാദനം, ചെറു ധാന്യ കൃഷികള്‍, ആഭരണ നിര്‍മാണം, ആയുര്‍വേദ മരുന്ന് യൂണിറ്റ്, തനതു ഭക്ഷ്യ വിഭവങ്ങളുമായി ആറളം സ്‌പെഷ്യല്‍ കാറ്ററിംഗ് യൂണിറ്റ്, മുട്ടക്കോഴി വളര്‍ത്തല്‍, പന്നി പരിപാലനം എന്നിങ്ങനെയുള്ള സംരംഭങ്ങള്‍ തുടങ്ങാനാണ് ആദ്യ ഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്. അതിനായി മുഴുവന്‍ ബ്ലോക്കുകളിലും കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംരംഭകര്‍ക്ക് പരിശീലനവും ക്ലാസ്സുകളും നല്‍കും. ആറളം ഫാമില്‍ കുടുംബശ്രീയുടേതായി 55 സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരള എക്സൈസ് വിമുക്തി മിഷനുമായി ചേര്‍ന്ന് ആറളം മേഖലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ പി എസ് സി പരിശീലനവും നല്‍കുന്നുണ്ട്.

വളയഞ്ചാലില്‍ നടന്ന പരിപാടിയില്‍ ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് അധ്യക്ഷനായി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം.വി ജയന്‍, ആറളം സ്‌പെഷ്യല്‍ പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ പി സനൂപ്, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ വിജിത്, മിനി ദിനേശന്‍, സുമ ദിനേശന്‍, സി ഷൈജു, നിതീഷ് കുമാര്‍, രമ്യ രാഘവന്‍, സിന്ധു ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.