തദ്ദേശ സ്ഥാപനങ്ങളില്‍ വികസന സദസ്സ്;കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ 27ന്

post

തദ്ദേശ സ്ഥാപനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കുന്ന വികസന സദസ്സിന്റെ കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ 27 ശനിയാഴ്ച അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ നടക്കുമെന്ന് കെ.വി.സുമേഷ് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്ത് മണിക്ക് അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കെ.വി സുമേഷ് എം എല്‍ എ അധ്യക്ഷനാകും.

പ്രാദേശിക സര്‍ക്കരുകളായ തദ്ദേശ സ്ഥാപനങ്ങള്‍ ജനങ്ങളുമായി ആശയ സംവേദനം നടത്തി വികസന പ്രവര്‍ത്തനങ്ങളില്‍ ഇനി നടപ്പാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച് അഭിപ്രായം സ്വരൂപിക്കലാണ് വികസന സദസ്സിന്റെ ഉദ്ദേശമെന്ന് കെ.വി.സുമേഷ് എം.എല്‍.എ പറഞ്ഞു. ജില്ലയില്‍ സമാനതകളില്ലാത്ത വികസനം കൊണ്ടുവന്ന തദ്ദേശ സ്ഥാപനമാണ് അഴീക്കോട് പഞ്ചായത്ത്. 5654 കോടി രൂപയുടെ ഗ്രീന്‍ ഫീല്‍ഡ് തുറമുഖം, നബാര്‍ഡിന്റെ 26 കോടി രൂപ ചെലവില്‍ അഴീക്കോട് ഒരുങ്ങുന്ന മലബാറിലെ ഏറ്റവും വലിയ ഹാര്‍ബര്‍, അന്തര്‍ദേശീയ ബ്ലൂ ഫ്‌ലാഗ് നേട്ടം കൈവരിച്ച ചാല്‍ ബീച്ച് എന്നിവ അഴീക്കോട് ഗ്രാമപഞ്ചായത്തിന്റെ നേട്ടങ്ങളില്‍ എടുത്തു പറയേണ്ടതാണ്. പഞ്ചായത്തിന്റെ വികസന തുടര്‍ച്ചക്ക് ജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വരൂപിക്കാനുള്ള വേദിയായി വികസന സദസ്സ് മാറുമെന്നും എം.എല്‍.എ പറഞ്ഞു.

വികസന സദസ്സില്‍ സംസ്ഥാന സര്‍ക്കാരും കോര്‍പറേഷന്‍, നഗരസഭ, ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളും കൈവരിച്ച നേട്ടങ്ങളും ഇനി നടപ്പാക്കേണ്ട പദ്ധതികളും സംബന്ധിച്ച് പൊതു ജനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മുന്നോട്ട് വെക്കുന്നതിന് ഓപ്പണ്‍ ഫോറം, സംഗ്രഹ ചര്‍ച്ച എന്നിവയും ഉണ്ടാവും. ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് സംസ്ഥാനത്തിന്റെ പൊതുവായ വികസന പ്രവര്‍ത്തനങ്ങളില്‍ പരിഗണിക്കും.

സ്ത്രീകള്‍, യുവാക്കള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ ഉള്‍പ്പെടുത്തി ജനപങ്കാളിത്തത്തോടെയാണ് ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും വികസന സദസ്സ് സംഘടിപ്പിക്കുന്നത്. ജനപ്രതിനിധികള്‍ക്ക് പുറമെ വിശിഷ്ട വ്യക്തികള്‍, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ എന്നിവരും പങ്കാളികളാകും. വികസന സദസ്സിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് കെ സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുന്ന കെ സ്മാര്‍ട്ട് ക്ലിനിക്ക് സജ്ജമാക്കും. കൂടാതെ സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വികസന പ്രവര്‍ത്തനങ്ങളുടെ ചിത്രപ്രദര്‍ശനവും ഉണ്ടായിരിക്കും. അതിദാരിദ്യ നിര്‍മ്മാര്‍ജ്ജനം, ലൈഫ് മിഷന്‍ പദ്ധതികള്‍ക്കായി ഭൂമി വിട്ടുനല്‍കിയവരെയും ഹരിതകര്‍മ്മസേന പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിക്കും. ജില്ലയിലെ മറ്റു ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും വികസന സദസ്സുകള്‍ ഒക്ടോബര്‍ 20ന് മുമ്പായി നടക്കും.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ പിആര്‍ഡി ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ്, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി.ശ്രുതി, തദ്ദേശസ്വയംഭരണ വകുപ്പ് സീനിയര്‍ സൂപ്രണ്ട് ഷാജി എന്നിവര്‍ പങ്കെടുത്തു.