മാലിന്യമുക്ത നാടെന്ന സന്ദേശവുമായി ശുചിത്വോത്സവം സംഘടിപ്പിച്ചു

ഗാന്ധി ജയന്തിയോടനുബന്ധിച്ച് നഗര-ഗ്രാമീണ മേഖലകളിലെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന 'സ്വച്ഛതാ ഹി സേവ' ക്യാമ്പയിന്റെ ഭാഗമായി കണ്ണൂർ ചിറക്കല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 'ശുചിത്വോത്സവം 2025' സംഘടിപ്പിച്ചു. ചിറക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.കെ മോളി അധ്യക്ഷയായി.
ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ അനധികൃത മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ കണ്ടെത്തി സമയബന്ധിതമായി ശുചിയാക്കും. ഓഫീസുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ പൊതു സ്ഥാപനങ്ങളില്‍ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. സ്വച്ഛതാ പ്രവര്‍ത്തകര്‍ക്കുള്ള ആരോഗ്യ പരിശോധനാ ക്യാമ്പുകളും ആരോഗ്യ സുരക്ഷാ പദ്ധതി വിവരങ്ങളും നല്‍കുന്നതിനായി ഏകജാലക ക്യാമ്പുകള്‍ നടത്തും. പഞ്ചായത്ത് പരിധിയിലെ എല്ലാ പൊതുസ്ഥലങ്ങളും സന്നദ്ധ സംഘടനകളുടെ പിന്തുണയോടെ ശുചിയാക്കും. ജൈവ, അജൈവ മാലിന്യങ്ങള്‍ തരംതിരിച്ചു നിക്ഷേപിക്കുന്നതിനുള്ള നീല, പച്ച നിറങ്ങളിലുള്ള ബിന്നുകള്‍ സ്ഥാപിക്കും. മാലിന്യത്തിന്റെ ഉറവിടത്തിലുള്ള തരംതിരിവ്, ഹരിതചട്ടപാലനം എന്നീ വിഷയങ്ങളിലുള്ള സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
പള്ളിക്കുളം മണ്ഡപത്തില്‍ നടന്ന പരിപാടിയില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കെ വത്സല, എന്‍ ശശീന്ദ്രന്‍, വാര്‍ഡ് അംഗങ്ങള്‍, ശുചീകരണ തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പൊതുപ്രവര്‍ത്തകര്‍, രാജാസ് ഹൈസ്‌കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കാളികളായി.