കണ്ണൂര്‍ കോര്‍പ്പറേഷന്‍ ജല ബജറ്റ് പ്രകാശനം ചെയ്തു

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ജല ബജറ്റ് മേയര്‍ മുസ്ലിഹ് മഠത്തില്‍ ഹരിത കേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരനു നല്‍കി പ്രകാശനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ നവ കേരളം കര്‍മ പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷന്റെ നേതൃത്വത്തിലാണ് ജല ബജറ്റ് തയ്യാറാക്കിയത്.
ഒരു പ്രദേശത്തിന്റെ ജലലഭ്യതയും ജലവിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ആധികാരിക രേഖയാണ് ജല ബജറ്റ്. ഓരോ ചെറു പ്രദേശത്തും ഒരു ചെറുകാലയളവില്‍ പെയ്തു കിട്ടുന്ന മഴ ലഭ്യതയും അവിടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ട ജലത്തിന്റെ അളവും താരതമ്യം ചെയ്ത്, ഓരോ സമയത്തും ജല മിച്ചമാണോ ജലക്കമ്മിയാണോ അനുഭവപ്പെടുന്നത് എന്ന് കണ്ടെത്തുന്ന പ്രവര്‍ത്തനമാണ് ജല ബജറ്റിലൂടെ ചെയ്യുന്നത്. നിലവില്‍ ഭൂഗര്‍ഭജല വിനിയോഗത്തില്‍ സെമി ക്രിട്ടിക്കല്‍ തലത്തില്‍ നില്‍ക്കുന്ന കോര്‍പ്പറേഷന് ഈ ജല ബജറ്റിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതു വഴി നിലവിലെ അവസ്ഥ മെച്ചപ്പെടുത്തി സുരക്ഷിതമായ തലത്തിലേക്ക് ഉയരാന്‍ സാധിക്കും.
കേരളത്തിലെ നീര്‍ത്തട സംരക്ഷണ പദ്ധതികള്‍ക്ക് മാതൃകയായ കാനാമ്പുഴ പുനരുജ്ജീവനം പദ്ധതിയിലെ ജനകീയ പ്രവര്‍ത്തനങ്ങള്‍ ഈ ജല ബജറ്റിന്റെ പ്രധാന ഭാഗമാണ്. പ്രകൃതിയുടെ സൗന്ദര്യവല്‍ക്കരണത്തോടൊപ്പം മാഞ്ഞുപോകുന്ന കാര്‍ഷിക സംസ്‌കൃതിയെക്കൂടി തിരിച്ചുകൊണ്ടുവരുന്ന പദ്ധതി കൂടിയാണ് കാനാമ്പുഴ പദ്ധതി. നഗര മധ്യത്തില്‍ നശിച്ചു കൊണ്ടിരുന്ന ഒരു പുഴയ്ക്ക് പൂര്‍വാധികം പ്രൗഢിയോടെയുള്ള പുനര്‍ജന്മം സാധ്യമായത് വലിയൊരു വിപ്ലവം തന്നെയാണ്.
കേരള സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ജലമാണ് ജീവന്‍ ക്യാമ്പയിന്റെ ഭാഗമായി ജല സംരക്ഷണ മേഖലയില്‍ വലിയ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന ഈ സാഹചര്യത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്റെ വരുംകാല ജല സുരക്ഷാ കര്‍മ പദ്ധതികളിലേക്കുള്ള ശ്രമങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് വികസന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജല ബജറ്റ് പ്രയോജനപ്പെടും.
ഡെപ്യൂട്ടി മേയര്‍ അഡ്വ പി ഇന്ദിര അധ്യക്ഷയായി. കണ്ണൂര്‍ ദസറ ഉദ്ഘാടന വേദിയില്‍ നടന്ന പരിപാടിയില്‍ സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ക്ലീന്‍ സിറ്റി മാനേജര്‍, ശുചിത്വ മിഷന്‍ വൈ പി, ഹരിത കേരള മിഷന്‍ ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ എന്നിവര്‍ പങ്കെടുത്തു