കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ റെറ്റിന ക്ലിനിക്കും ജീവിതശൈലീ രോഗ പ്രതിരോധ ക്ലിനിക്കും ആരംഭിച്ചു

post

കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ഭാരതീയ ചികിത്സാ വകുപ്പും നാഷനൽ ആയുഷ് മിഷനും സംയുക്തമായി നടപ്പാക്കുന്ന ‘ദൃഷ്ടി’ ആയുർവേദ നേത്ര സംരക്ഷണ യൂണിറ്റിന്റെയും (റെറ്റിന ക്ലിനിക്) ജീവിതശൈലീ രോഗ പ്രതിരോധ ക്ലിനിക്കിന്റെയും (എൻസിഡി) ഉദ്ഘാടനം മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. കണ്ണിലെ ഗുരുതര രോഗങ്ങളെ നേരത്തേ കണ്ടെത്തുക, ഫലപ്രദമായ ചികിത്സ നൽകുക എന്നിവ ലക്ഷ്യമിട്ടാണ് ദൃഷ്ടി പദ്ധതി ആരംഭിക്കുന്നത്. പ്രമേഹ റെറ്റിനോപ്പതി, മാക്യുലാർ ഡിജനറേഷൻ, ഗ്ലോക്കോമ തുടങ്ങിയ രോഗങ്ങളുടെ പ്രാരംഭ പരിശോധനയ്ക്കും ചികിത്സയ്ക്കും പുതിയ സംവിധാനം സഹായകമാകും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രത്നകുമാരി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ,സ്ഥിരം സമിതി അധ്യക്ഷ എൻ.വി.ശ്രീജിനി, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ഡി.സി.ദീപ്തി, ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ.സി.അജിത് കുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസൻ ജോൺ, എച്ച്എംസി അംഗം ഗംഗാധരൻ, ജില്ലാ മെഡിക്കൽ ഓഫിസ് സീനിയർ സൂപ്രണ്ട് കെ.സി.മഹേഷ്, ജില്ലാ ആയുർവേദ ആശുപത്രി സെക്രട്ടറി എം.സഞ്ജയൻ, ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ.ജഷി ദിനകരൻ എന്നിവർ പ്രസംഗിച്ചു.