വികസന പദ്ധതികൾ അവലോകനം ചെയ്യുന്നതിനായി യോഗം ചേർന്നു

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും - മന്ത്രി കെ. എന്‍. ബാലഗോപാല്‍
കൊല്ലം ജില്ലയില്‍ തുടരുന്ന വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി ജില്ലയുടെ ചുമതലയുമുള്ള ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ചിന്നക്കട പൊതുമരാമത്ത് വിശ്രമമന്ദിരത്തില്‍ യോഗം വിളിച്ചു ചേര്‍ത്തു.നിര്‍മാണപ്രവര്‍ത്തനങ്ങൾ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. നിലവാരമുറപ്പാക്കിയുള്ള പദ്ധതിപൂര്‍ത്തീകരണത്തിന് പ്രാമുഖ്യം നല്‍കുമെന്നും വ്യക്തമാക്കി.
കെ. എസ്. ആര്‍. ടി. സി. ബസ് സ്റ്റേഷന്‍ നിര്‍മാണത്തിനുള്ള നടപടികളാണ് ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്. കൊല്ലം മെഡിക്കല്‍ കോളജിലേക്ക് വ്യത്യസ്ത ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള സംവിധാനവും ഒരുക്കുന്നു. കോടതിസമുച്ചയ നിര്‍മാണപുരോഗതി തൃപ്തികരമായി തുടരുന്നു. എന്‍. ജി. ഒ ക്വാട്ടേഴ്‌സ് നിര്‍മാണവും സമാനരീതിയില്‍ പുരോഗമിക്കേണ്ടതുണ്ട്. മാരിടൈം മ്യൂസിയത്തിനുള്ള സ്ഥലംകണ്ടെത്തുന്നതിനും കൊട്ടാരക്കര ബൈപാസ് സ്ഥലംഏറ്റെടുക്കലിനും അടിയന്തരപ്രാധാന്യത്തോടെയുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയം, പി. എസ്. സി. ഓഫീസ്, ഉമ്മന്നൂര്‍, കരീപ്ര, എഴുകോണ്‍ വില്ലേജ് ഓഫീസുകള്‍ എന്നിവയുടെ നിര്‍മാണഘട്ടപുരോഗതിയും വിലയിരുത്തി.
ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, എ.ഡി.എം ജി.നിര്‍മല്‍ കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ ആര്‍. ബീനാറാണി, തഹസില്‍ദാര്‍ ജി. വിനോദ് കുമാര്‍, സര്‍ക്കാര്‍ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.