കർഷകർക്ക് മികച്ച വരുമാനം;തൊടിയൂര്‍ പാടശേഖരത്തില്‍ കൊയ്തത് 840 മെട്രിക് ടണ്‍ നെല്ല്

തരിശിടങ്ങളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നെല്‍കൃഷിയിലൂടെ പൊന്ന് വിളയിക്കുകയാണ് കൊല്ലം തൊടിയൂര്‍ ഗ്രാമപഞ്ചായത്ത്. ഓരോ വര്‍ഷവും വികസന ഫണ്ടില്‍നിന്നും എട്ട് ലക്ഷം രൂപ വകയിരുത്തി കൃഷിഭവന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രതിവര്‍ഷം തൊടിയൂര്‍ പഞ്ചായത്ത് പരിധിയിലെ 75 ഹെക്ടര്‍ പാടശേഖരത്തില്‍ നെല്‍കൃഷി നടത്തി 168 മെട്രിക് ടണ്‍ നെല്ല് ഉല്പാദിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി 840 മെട്രിക് ടണ്‍ നെല്ലാണ് വിളയിച്ചതെന്ന് തൊടിയൂര്‍ കൃഷി ഓഫീസര്‍ ആര്‍. ഗംഗ അറിയിച്ചു.
ഓരോവര്‍ഷവും കൃഷിഭവന്‍മുഖേന 3990 എണ്ണം നെല്‍വിത്താണ് വിതരണംചെയ്യുന്നത്. 2020-21 സാമ്പത്തിക വര്‍ഷം 74 ഹെക്ടര്‍ പാടശേഖരത്തില്‍ നെല്‍കൃഷി നടത്തി 2,66,000 കിലോഗ്രാം അരിയും 2021-22 സാമ്പത്തിക വര്‍ഷം 61.18 ഹെക്ടര്‍ പാടശേഖരത്തില്‍ കൃഷി നടത്തി 2,19,600 കിലോഗ്രാം അരിയും 2022-23 സാമ്പത്തിക വര്‍ഷം 71.268 ഹെക്ടര്‍ പാടശേഖരത്തില്‍ കൃഷി ചെയ്ത് 2,55,600 കിലോഗ്രാം അരിയും 2023-24 സാമ്പത്തിക വര്‍ഷം 55 ഹെക്ടര്‍ പാടശേഖരത്തില്‍ കൃഷി നടത്തി 1,98,000 കിലോഗ്രാം അരിയും 2024-25 സാമ്പത്തിക വര്‍ഷം 54 ഹെക്ടറില്‍ നെല്‍കൃഷി നടത്തി 1,94,400 കിലോഗ്രാം അരിയും ഉല്പാദിപ്പിച്ച് വിപണനം നടത്തി.
മാലുമേല്‍ പുഞ്ച, ആര്യന്‍പാടം എന്നിവിടങ്ങളിലാണ് പ്രധാനമായും കൃഷിനടത്തുന്നത്. ഉമ, ചേറാടി ഇനത്തില്‍പ്പെട്ട നെല്ലാണ് കൃഷി ചെയ്തുവരുന്നത്. നെല്ല് ഒരു കിലോയ്ക്ക് 28 രൂപ നിരക്കില്‍ സപ്ലൈകോ വഴി വിറ്റഴിക്കുന്നു. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 10 ലക്ഷം രൂപയോളം വരുമാനം ലഭിക്കുന്നു. എല്ലാവര്‍ഷവും നവംബര്‍ മാസത്തില്‍ പുഞ്ചകൃഷിയിറക്കി ഫെബ്രുവരിയില്‍ വിളവെടുക്കുന്നു. ചേറാടി കൃഷി ഏപ്രില്‍ മാസത്തില്‍ ആരംഭിച്ച് ഫെബ്രുവരിയിലാണ് വിളവെടുപ്പ്. നടപ്പ് സാമ്പത്തിക വര്‍ഷവും (2025- 2026) വികസന ഫണ്ടില്‍നിന്നും എട്ട് ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്.
2022-23 സാമ്പത്തിക വര്‍ഷം ആര്യന്‍പാടശേഖരത്തിന് 10 ശതമാനം സബ്‌സിഡി നിരക്കില്‍ ജില്ലാ പഞ്ചായത്ത് വിഹിതത്തില്‍ നിന്നും 29960 രൂപ ചെലവഴിച്ച് മെതിയന്ത്രവും നല്‍കി.
2021-2022 സാമ്പത്തിക വര്‍ഷം വികസന ഫണ്ടില്‍ നിന്നും 662400 രൂപ വകയിരുത്തി 3650 എണ്ണം കരനെല്‍വിത്ത് വിതരണംചെയ്തു. അഞ്ച് ഹെക്ടര്‍ പാടശേഖരത്തില്‍ കൃഷിനടത്തി അഞ്ച് ടണ്‍ നെല്ല് ഉല്പാദിപ്പിച്ചു. മഴക്കാലത്തിനുശേഷവും പാടശേഖരങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്ന പ്രതിസന്ധി മറികടക്കാന്‍ പമ്പ് സെറ്റുകളും വൈദ്യുതി കണക്ഷനുകളും ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ച്‌വരികയാണ്. കൂടുതല്‍സ്ഥലങ്ങളില്‍ കൃഷി വ്യാപിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാര്‍ വ്യക്തമാക്കി.