ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് ആദരം;വിജയോത്സവം ഉദ്ഘാടനം ചെയ്തു

post

എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.സി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ ഭിന്നശേഷി വിദ്യാര്‍ഥികളെ ആദരിച്ചു.കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി ചിന്നക്കട ക്രേവന്‍ എല്‍.എം.എസ്.എച്ച്.എസില്‍ സംഘടിപ്പിച്ച വിജയോത്സവം പരിപാടിയില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ അവാര്‍ഡുകൾ വിതരണം ചെയ്തു.

ഭിന്നശേഷി വിദ്യാര്‍ഥികളുടെ കലാ-കായിക കഴിവുകള്‍ വിപുലീകരിക്കാന്‍ ജില്ല ശിശുക്ഷേമ സമിതി തയ്യാറാക്കിയ ‘ചൈല്‍ഡ് ഹബ്' പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

മുഖ്യധാരയില്‍ സജീവമാകുന്ന ഭിന്നശേഷി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ കലാരംഗത്തും സംരംഭകരായും അംഗീകാരങ്ങള്‍ നേടുന്നകാലമാണിത്.  സമൂഹവും അവര്‍ക്ക് മികച്ച പിന്തുണ നല്‍കുന്നു. ജില്ല ശിശുക്ഷേമ സമിതി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ച മാജിക് പ്ലാനറ്റ്, കുട്ടികളുടെ സമഗ്ര വികസനത്തിന് നടപ്പാക്കുന്ന പദ്ധതികളും പരിപാടികളും മാതൃകാപരമാണെന്നും പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് അഡ്വ. ഷീബ ആന്റണി അധ്യക്ഷയായി. പഠനമിത്രം പദ്ധതിയില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ സമാഹരിച്ച പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം എം നൗഷാദ് എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് വിദ്യാര്‍ഥികളെ ആദരിച്ചു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി.ഷൈന്‍ദേവ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബ്രൈറ്റ് ജോസഫ്, ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.