അംഗപരിമിതരായ ഭാഗ്യക്കുറി ക്ഷേമനിധിബോര്‍ഡ് അംഗങ്ങള്‍ക്ക് സൗജന്യ മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു

post

രാജ്യത്തെ മികച്ച ജനകീയ ലോട്ടറി സംവിധാനം കേരളത്തില്‍- മന്ത്രി കെ എന്‍ ബാലഗോപാല്‍

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധിബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ അംഗപരിമിതരായ അംഗങ്ങള്‍ക്ക് നല്‍കുന്ന സൗജന്യ മുച്ചക്രവാഹനത്തിന്റെ സംസ്ഥാനതല വിതരണോദ്‌ഘാടനം കൊല്ലം റോട്ടറി ക്ലബില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിർവഹിച്ചു.

രാജ്യത്തെ മികച്ച ജനകീയ ലോട്ടറി സംവിധാനമാണ് കേരളത്തിലേതെന്ന് മന്ത്രി പറഞ്ഞു .പൂര്‍ണമായും സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണ് കേരളത്തിലെ ലോട്ടറി സംവിധാനം. ക്ഷേമനിധിബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വിവാഹ, ചികിത്സ ധനസഹായങ്ങള്‍, പെന്‍ഷനര്‍മാര്‍ക്ക് ഉത്സവബത്തയും നല്‍കുന്നുണ്ട്. 160 വീടുകള്‍ യാഥാര്‍ഥ്യമാക്കുന്ന ഭവനപദ്ധതിയും വരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 സംസ്ഥാനത്താകെ 169 മുച്ചക്ര വാഹനങ്ങളാണ് വിതരണം ചെയ്യുക. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 69 അംഗങ്ങള്‍ക്കുള്ള വാഹനങ്ങളാണ് ചടങ്ങില്‍ വിതരണം ചെയ്തത്. 2.35 കോടി രൂപയാണ് ചെലവ്. 1,15,000 രൂപവിലയുള്ള മുച്ചക്ര വാഹനമാണ് സൗജന്യമായി നല്‍കുന്നത്.

എം നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ടി ബി സുബൈര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ജി മുരളീധരന്‍, സംസ്ഥാന ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ ഡി എസ് മിത്ര, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എസ് രാജേഷ് കുമാര്‍, ലോട്ടറി ഏജന്‍സ് ആന്‍ഡ് സെല്ലേഴ്‌സ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.