സംസ്ഥാന സ്‌കൂള്‍ ഗെയിംസ് മത്സരങ്ങള്‍ക്ക് കണ്ണൂരില്‍ തുടക്കമായി

post

67-ാമത് സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ തുടക്കമായി. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍ കണ്ണൂര്‍ ജിവിഎച്ച്എസ് സ്‌കൂളില്‍ മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കായികരംഗത്ത് കേരളം മികച്ച പ്രതിഭകളെ വാര്‍ത്തെടുത്തുകൊണ്ടിരിക്കുകയാണെന്ന് സുരേഷ് ബാബു എളയാവൂര്‍ പറഞ്ഞു. കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ വിനോദ് കുമാര്‍ അധ്യക്ഷനായിരുന്നു. വിവിധ വിഭാഗങ്ങളിലായി തായ്‌കൊണ്ടോ മത്സരങ്ങളാണ് ജിവിഎച്ച്എസ്എസില്‍ നടക്കുന്നത്. കണ്ണൂര്‍ പോലീസ് മൈതാനിയില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കുകയാണ്. കണ്ണൂരിലെ വിവിധ വേദികളിലായി സെപ്റ്റംബര്‍ 27 വരെ ഗെയിംസ് മത്സരങ്ങള്‍ തുടരും.

കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി ഷൈനി, കണ്ണൂര്‍ ആര്‍ ഡി ഡി എ.കെ വിനോദ് കുമാര്‍, എ ഡി വിഎച്ച്എസ് സി കണ്ണൂര്‍ പി.ആര്‍ ഉദയകുമാരി,  കണ്ണൂര്‍ ഡി പി ഒ എസ്എസ്‌കെ ഇ.സി വിനോദ്, വിദ്യാകിരണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.സി സുധീര്‍, കണ്ണൂര്‍ ഡി ഇ ഒ വി.ദീപ, ജിവിഎച്ച്എസ്എസ് പ്രധാനധ്യാപിക കെ.ജ്യോതി, റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.പി മനോജ് കുമാര്‍ കേരള തായ്‌കൊണ്ടോ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.