‘സ്മാര്‍ട്ട് കിച്ചണും’ ‘പഠനമികവുമായി’ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത്

സ്മാര്‍ട്ട് കിച്ചണ്‍, പഠനമികവ് പദ്ധതി നടപ്പാക്കി കൊല്ലം പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത്. പട്ടികജാതി കുടുംബങ്ങളുടെ അടുക്കളകള്‍ നവീകരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതിയാണ് ‘സ്മാര്‍ട്ട് കിച്ചണ്‍'. ഇത്തവണ 33 ഗുണഭോക്താക്കള്‍ക്കായി ഒരുലക്ഷം രൂപ വീതമാണ് നല്‍കിയത്.
അടുക്കളയില്‍ ടൈല്‍, കിച്ചണ്‍ സ്ലാബ്, സിങ്ക്, കബോര്‍ഡ്, പുകയില്ലാത്ത അടുപ്പ്, കതക്, ജനല്‍, അടുക്കളയുടെ അകവും പുറവും സിമന്റിടുക തുടങ്ങിയ പ്രവൃത്തികളാണ് നവീകരണത്തില്‍ ഉള്‍പ്പെടുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം (2025 -26) 9,75000 രൂപ വകയിരുത്തിട്ടുണ്ട്.
ഓരോ ഗഡുക്കളായി മൂന്ന് ഘട്ടമായാണ് പണം നല്‍കുന്നത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബനാഥയായ പ്രായമായ അമ്മമാര്‍, പട്ടികജാതി വകുപ്പില്‍നിന്ന് മെയിന്റനന്‍സിന് ആനുകൂല്യം കിട്ടാത്തവര്‍ തുടങ്ങിയവരെ ഗ്രാമസഭ പട്ടികയില്‍നിന്ന് തിരഞ്ഞെടുത്താണ് സഹായം നല്‍കുന്നത്. ഈ വര്‍ഷം മുതല്‍ വിധവകള്‍ക്ക് സമാര്‍ട്ട് കിച്ചണ്‍ പദ്ധതിയില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എല്ലാ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പ്രത്യേക ട്യൂഷന്‍ നല്‍കുന്ന പദ്ധതിയാണ് ‘പഠന മികവ്'. 2025-26 സാമ്പത്തിക വര്‍ഷം ഏഴ് ലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റിവെച്ചിട്ടുള്ളത്. എം ജി എച്ച് എസ് എസ് ഇടത്തറ, സെന്റ് സ്റ്റീഫന്‍ എച്ച് എസ് എസ് പത്തനാപുരം, മൗണ്ട് താബോര്‍ എച്ച് എസ് എസ് പത്തനാപുരം, കെ ആര്‍ എം എം എച്ച് എസ് നടുക്കുന്ന്, ജി വി എച്ച് എസ് എസ് പുന്നല, ജി എച്ച് എസ് വലിയകാവ്, ഡി വി എച്ച് എസ് എസ് തലവൂര്‍, ഐ ജി എം എച്ച് എസ് എസ് മഞ്ഞക്കാല, എ പി പി എം എച്ച് എസ് എസ് വിളക്കുടി, എം എം എച്ച് എസ് എസ് വിളക്കുടി, ജി വി എച്ച് എസ് എസ് പട്ടാഴി, എം റ്റി ഡി എം എച്ച് എസ് എസ് മാലൂര്‍ എന്നീ സ്‌കൂളുകളിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് മലയാളം, ഹിന്ദി ഒഴികെയുള്ള എല്ലാ വിഷയങ്ങള്‍ക്കും ട്യൂഷന്‍ നല്‍കിവരുന്നത്.
സ്‌കൂളിലെ ക്ലാസുകള്‍ക്ക് ശേഷം അതാത് സ്‌കൂളുകളില്‍ തന്നെയാണ് പ്രത്യേകട്യൂഷനും. കുട്ടികളെ നിരീക്ഷിക്കുന്നതിന് പ്രൊമോട്ടര്‍മാരും എത്താറുണ്ട്. പദ്ധതി പ്രയോജനപ്പെടുത്തിയ പത്താംതരത്തിലെ 290 വിദ്യാര്‍ഥികള്‍ ഉയര്‍ന്ന മാര്‍ക്കോട് കൂടി വിജയിച്ചു. അഞ്ച് കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.
പഠനമികവ് പദ്ധതിപ്രകാരം വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ട്യൂഷന്‍ നല്‍കുന്നതിനായി ബിരുദാനന്തര ബിരുദവും, ബി എഡ് യോഗ്യതയുമുള്ള ടീച്ചര്‍മാരെയാണ് നിയമിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം അധ്യാപകവേതനം 300 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കുള്ള റിഫ്രഷ്‌മെന്റ് തുക 40 രൂപയായി വര്‍ധിപ്പിച്ചു എന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ആനന്ദവല്ലി പറഞ്ഞു.