കൊല്ലം ജില്ല ദാരിദ്ര്യമുക്തിയിലേക്ക്, പ്രഖ്യാപനം നവംബറില്‍

post

അതിദാരിദ്ര്യത്തെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന് തൊട്ടരികെ കൊല്ലവും.  അതിദാരിദ്ര്യനിര്‍മാര്‍ജനം പദ്ധതി (ഇ.പി.ഇ.പി) യില്‍ ജില്ല 95 ശതമാനവും പൂര്‍ത്തിയാക്കി. 3786 കുടുംബങ്ങളാണ് അന്തിമ ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെട്ടത്. 3606 കുടുംബങ്ങള്‍ നാളിതുവരെ അതിദാരിദ്ര്യത്തില്‍ നിന്നും മുക്തരായി.

ഭക്ഷണം, ആരോഗ്യം, സാമൂഹികസുരക്ഷ (പാര്‍പ്പിടം), ഉപജീവനത്തിനുള്ള അടിസ്ഥാനവരുമാനം എന്നീ ക്ലേശഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്നും മുക്തമാക്കുന്നതിനുളള മൈക്രോപ്ലാന്‍ പദ്ധതികള്‍ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് നടപ്പാക്കിയത്.

  ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ ജില്ലാ ദാരിദ്ര്യലഘൂകരണ വിഭാഗം ഓഫീസ് മുഖേനയാണ് നിര്‍വഹണം. ഓരോ വ്യക്തിക്കും കുടുംബത്തിനും അനുയോജ്യമായ മൈക്രോപ്ലാനുകള്‍ ആവിഷ്‌കരിച്ചു. ഭക്ഷണം പാകംചെയ്ത്കഴിക്കാന്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷണക്കിറ്റുകള്‍ കൃത്യമായി നല്‍കി. അല്ലാത്തവര്‍ക്കും ഏകാംഗ കുടുംബങ്ങള്‍ക്കും പാകംചെയ്ത ഭക്ഷണം കുടുംബശ്രീ, ജനകീയ ഹോട്ടല്‍ എന്നിവയിലൂടെ ഉറപ്പാക്കി.  ഭക്ഷണം ആവശ്യമായ 2145 കുടുംബങ്ങളില്‍ 219 കുടുംബങ്ങള്‍ക്ക് പാകംചെയ്ത ഭക്ഷണവും 1926 കുടുംബങ്ങള്‍ക്ക് ഭക്ഷണക്കിറ്റും നല്‍കിവരുന്നു.

ചികിത്സയും മരുന്നും ആവശ്യമായ 2072 കുടുംബങ്ങള്‍ക്കാണ് അവ സൗജന്യമായി നല്‍കിയത്. 345 കിടപ്പു രോഗികള്‍ക്ക് പാലിയേറ്റീവ് കെയര്‍ സേവനവും നല്‍കിവരുന്നു. 32 കുടുംബങ്ങള്‍ക്കാണ് വീല്‍ചെയര്‍, വാട്ടര്‍ബെഡ് തുടങ്ങിയ അവശ്യസഹായഉപകരണങ്ങള്‍ വിതരണം ചെയ്തത്. ഉപജീവനമാര്‍ഗമോ സ്ഥിരവരുമാനമോ ഇല്ലാത്ത 292 കുടുംബങ്ങള്‍ക്ക് കുട-അച്ചാര്‍ നിര്‍മാണസഹായം, പെട്ടിക്കടകള്‍, ലോട്ടറി കച്ചവടം എന്നീ ഉപജീവന മാര്‍ഗങ്ങളും ജില്ലാ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ നല്‍കി.

കടത്തിണ്ണകളിലും വഴിയരികുകളിലും അന്തിയുറങ്ങുന്നവര്‍, ഒറ്റയ്ക്കായവര്‍ ഉള്‍പ്പെടെ ഭൂ-ഭവനരഹിതരായ 270 കുടുംബങ്ങളില്‍ 132 എണ്ണത്തിന് ഭൂമിയും വീടും ലഭ്യമാക്കി. 138 കുടുംബങ്ങളുടെ ഭവന നിര്‍മാണം വിവിധഘട്ടങ്ങളിലായി പുരോഗമിക്കുന്നു. ഭൂമി ഉണ്ടായിട്ടും ഭവനം ഇല്ലാത്ത 264 കുടുംബങ്ങളില്‍ 212 പേര്‍ക്ക് ഭവനം പൂര്‍ത്തീകരിച്ചു. 52 എണ്ണം നിര്‍മാണപുരോഗതിയിലാണ്. 282 കുടുംബങ്ങളില്‍ ഭവന പുനരുദ്ധാരണം ആവശ്യമായ 221 എണ്ണം പൂര്‍ത്തീകരിച്ചു. 61 എണ്ണം പുരോഗതിയിലാണ്.

പദ്ധതി പുരോഗതി വിലയിരുത്തലും പരിശോധനയും നിരന്തരം നടത്തുന്നു. അതിദരിദ്ര കുടുംബങ്ങള്‍ക്ക് ആരോഗ്യ കാര്‍ഡ്, ഇ.പി.ഇ.പി കാര്‍ഡ്, സൗജന്യ യാത്രാപാസ് എന്നിവയും ലഭ്യമാക്കി. കുട്ടികള്‍ക്ക് സൗജന്യമായി സ്‌കൂള്‍ബാഗും പഠനോപകരണങ്ങളും നല്‍കി വിദ്യാഭ്യാസം ഉറപ്പാക്കി.

അതിദരിദ്രകുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകള്‍കൂടി വിതരണം ചെയ്തിരുന്നു. ക്രിയാത്മകമായപ്രവര്‍ത്തനങ്ങളോടെ 2025 നവംബറില്‍ പദ്ധതി യാഥാര്‍ഥ്യമാക്കുകയാണ്. ആലപ്പാട്, എഴുകോണ്‍, ഇട്ടിവ, കരവാളൂര്‍, കരീപ്ര, പട്ടാഴി വടക്കേക്കര, പോരുവഴി, തൃക്കരുവ, നീണ്ടകര, ചാത്തന്നൂര്‍ തുടങ്ങിയ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ അതിദാരിദ്ര്യത്തില്‍ നിന്നും മുക്തമായി തദ്ദേശതലത്തില്‍ പ്രഖ്യാപനവും നടത്തി.  

റവന്യൂ ഭൂമി ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ വസ്തുവും പുറമ്പോക്കുകളും ഏറ്റെടുത്ത് പട്ടയം, കൈവശരേഖകള്‍, താമസസാക്ഷ്യപത്രങ്ങള്‍ എന്നിവ നല്‍കി. പാര്‍പ്പിട ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് ഇ.പി.ഇ.പി വിഭാഗങ്ങള്‍ക്ക് മാത്രമായി സബ്‌സിഡി തുക വര്‍ധിപ്പിച്ചു. മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി.

ഉപയോഗത്തിലില്ലാത്ത സുനാമി ഫ്‌ളാറ്റുകള്‍ കണ്ടെത്തി ജില്ലാ കലക്ടറുടെ പ്രത്യേക ഉത്തരവ് വഴി ഭൂ-ഭവനരഹിതരായ അതിദാരിദ്ര്യ ഗുണഭോക്താക്കള്‍ക്ക് അനുവദിച്ചു. തീരദേശസംരക്ഷണ നിയമം (സി.ആര്‍.സെഡ്) കാരണം കെട്ടിടനിര്‍മാണാനുമതി ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനായി പ്രത്യേക യോഗംകൂടി നടപടികള്‍ വേഗത്തിലാക്കി. അടിസ്ഥാന ഭൂനികുതി രജിസ്റ്ററിലും കൈവശ രേഖകളിലും നിലമായി രേഖപ്പെടുത്തിയ തണ്ണീര്‍ത്തട ഭൂമിയല്ലാത്ത വസ്തുക്കളില്‍ അതിദരിദ്ര ഗുണഭോക്താക്കളുടെ ഭവനനിര്‍മാണം സുഗമമാക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു. ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്ക്  ഭവനനിര്‍മാണത്തിന് തടസമായ വൈദ്യുതി ലൈനുകള്‍/പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് അനുമതി നല്‍കി.

നഗരസഭകളിലും നഗരസ്വഭാവമുള്ള തദ്ദേശസ്ഥാപനങ്ങളിലും ഭവനനിര്‍മാണത്തിനായി വസ്തുവാങ്ങുന്നതിന് സബ്‌സിഡി മാനദണ്ഡപ്രകാരമുള്ള തുക മതിയാകാതെവന്ന സാഹചര്യം കണക്കിലെടുത്ത്  ഗുണഭോക്താക്കള്‍ക്ക് പ്രത്യേകമായി സബ്‌സിഡി തുക വര്‍ധിപ്പിച്ചു. ഇത്തരത്തില്‍ വാങ്ങുന്ന ഭൂമിയുടെ വിസ്തൃതി കുറവ് ചെയ്ത് പുനര്‍നിര്‍ണയിച്ച് പ്രവര്‍ത്തനം സുഗമമാക്കി. ഒട്ടേറെ ഗുണഭോക്താക്കളെ പ്രത്യേക ഉത്തരവ് പ്രകാരം ലൈഫ് ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തി. വസ്തു കണ്ടെത്തുന്നതിനോ വിവിധ കാരണങ്ങളാല്‍ ഭവന നിര്‍മാണം നടത്തുന്നതിനോ പ്രയാസപ്പെടുന്ന അവസ്ഥ മനസ്സിലാക്കി വസ്തുവും വീടും ഉള്‍പ്പെടെ വാങ്ങുന്നതിനും പ്രത്യേക സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അതിദാരിദ്ര്യപട്ടികയിലെ ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് ഭവനം ലഭ്യമാകുന്നത് വരെ സുരക്ഷിത താമസസ്ഥലം ഒരുക്കുന്നതിനായി അനുയോജ്യമായ വീടുകള്‍ വാടകയ്ക്ക് എടുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി. ലയണ്‍സ് ക്ലബ് പോലെയുള്ള സംഘടനകളുടെ സഹകരണവും തദ്ദേശ സ്ഥാപനങ്ങളിലൂടെ സി.എസ്.ആര്‍ (സാമൂഹ്യസുരക്ഷാനിധി) ഫണ്ടിന്റെ ലഭ്യതയും ലക്ഷ്യം കൈവരിക്കാന്‍ സഹായിച്ചതായി ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ വ്യക്തമാക്കി.