കല്ല്യാശ്ശേരി ബ്ലോക്കിൽ പപ്പായ ഗ്രാമം, മാൻജിഫെറ പദ്ധതികൾക്ക് തുടക്കം

post

വിഷ രഹിതവും ശുദ്ധവുമായ പപ്പായയും നാടൻ മാങ്ങകളും ഉൽപാദിപ്പിക്കുന്നതിനായി കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പപ്പായ ഗ്രാമം, മാൻജിഫെറ-നാട്ടുമാവുകളുടെ സംരക്ഷണം പദ്ധതികൾക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ പദ്ധതി ഉദ്ഘാടനം ചെയ്തു. കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രതി അധ്യക്ഷയായി.

ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതി പ്രകാരം നടപ്പാക്കുന്ന പദ്ധതി ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പരിധിയിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളും ചേർന്നാണ് നടപ്പിലാക്കുന്നത്. പപ്പായ ഗ്രാമം പദ്ധതിയിലൂടെ മികച്ച വിളവ് തരുന്നതും രോഗപ്രതിരോധ ശേഷിയുള്ളതുമായ 10,000 റെഡ് ലേഡി പപ്പായത്തൈകൾ ബ്ലോക്ക് പരിധിയിലുള്ള പഞ്ചായത്തുകളിൽ നിന്നും തെരെഞ്ഞെടുത്ത കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യും.

കണ്ണപുരം പഞ്ചായത്തിലുള്ള നാട്ടുമാവുകളുടെ സംരക്ഷണ പ്രചരണാർഥമാണ് 'മാൻജിഫെറ; നാട്ടുമാവുകളുടെ സംരക്ഷണം' എന്ന പദ്ധതി നടപ്പിലാക്കുന്നത്. കണ്ണപുരം മാങ്ങ, വെല്ലത്താൻ, മൂവാണ്ടൻ, മധുരക്കോട്ടി, മഞ്ഞ ചോപ്പൻ, വടക്കൻ മധുര, കടുക്കാച്ചി എന്നിങ്ങനെ 107 ലധികം നാട്ടുമാവിനങ്ങൾ കണ്ടുവരുന്ന പ്രദേശമാണ് കണ്ണപുരം. ഇതിൽ ഭൗമ സൂചിക പദവി ലഭിച്ച കണ്ണപുരം മാങ്ങ അഥവാ കുറ്റിയാട്ടൂർ മാങ്ങയും ഉൾപ്പെടുന്നു. പദ്ധതി പ്രകാരം 1000 ഗ്രാഫ്റ്റ് ചെയ്ത നാട്ടുമാവുകൾ കണ്ണപുരം പഞ്ചായത്തിലുള്ള തെരെഞ്ഞെടുത്ത കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യും. പദ്ധതി ഉദ്ഘാടനത്തിന്റെ ഭാഗമായി കണ്ണപുരം പഞ്ചായത്തിൽ തൈകൾ വിതരണം ചെയ്തു. മറ്റു പഞ്ചായത്തുകളിൽ കൃഷിഭവൻ മുഖേന തൈകൾ വിതരണം ചെയ്യും.

കണ്ണപുരം ഗ്രാമപഞ്ചായത്തിലെ പുഞ്ചവയൽ പ്രദേശത്ത് നടന്ന പരിപാടിയിൽ കല്ല്യാശ്ശേരി കൃഷി അസി. ഡയറക്ടർ കെ സതീഷ് കുമാർ പദ്ധതി വിശദീകരിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി വിമല, കണ്ണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം ഗണേശൻ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ എ.വി രവീന്ദ്രൻ, പ്രേമ സുരേന്ദ്രൻ, കണ്ണപുരം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ വി വിനീത, എ.വി പ്രഭാകരൻ, പി വിദ്യ, കല്ല്യാശ്ശേരി ബ്ലോക്ക് അംഗങ്ങളായ രേഷ്മ പരാഗൻ, കെ പ്രീത, കെ പത്മിനി, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷുക്കൂർ, കണ്ണപുരം കൃഷി ഓഫീസർ യു പ്രസന്നൻ, കൃഷി അസിസ്റ്റന്റ് രജനി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.വി രാമകൃഷ്ണൻ, എ കൃഷ്ണൻ, രാജേഷ് പാലങ്ങാട്ട്, സിബി കെ സന്തോഷ്, കെ ദാമോദരൻ എന്നിവർ പങ്കെടുത്തു.